പട്ടാമ്പി: പട്ടാമ്പി മിനി സിവിൽ സ്റ്റേഷനിലും പരിസരത്തുമായി നിറഞ്ഞുകിടക്കുന്ന മണൽക്കടത്ത് വാഹനങ്ങൾ ലേലം ചെയ്തൊഴിവാക്കാൻ നടപടി. ഓൺലൈൻ വഴിയുള്ള ലേലം 25-ന് നടത്താനാണ് തീരുമാനം. ഒറ്റപ്പാലം, മണ്ണാർക്കാട് മേഖലകളിലേതടക്കം പുഴമണൽക്കടത്തിന് പിടികൂടിയ 211 വാഹനങ്ങളാണ് ലേലം ചെയ്യുക.

ഭാരതപ്പുഴയോരത്തെ താലൂക്കായതിനാൽ പട്ടാമ്പിയിൽ ഓരോവർഷവും നിരവധി വാഹനങ്ങളാണ് റവന്യൂവകുപ്പ് പിടികൂടുന്നത്. റവന്യൂ ആക്ട് പ്രകാരം പോലീസ് പിടികൂടുന്ന വാഹനങ്ങളും ഇതിലുൾപ്പെടുമെന്ന് റവന്യൂ അധികൃതർ പറഞ്ഞു.

മഴക്കാലമെത്തിയാൽ കൊതുകിന്റെ കേന്ദ്രമാണ് പട്ടാമ്പിയിലെ മിനി സിവിൽ സ്റ്റേഷൻ. സ്റ്റേഷൻവളപ്പ് നിറഞ്ഞുകിടക്കുന്ന കസ്റ്റഡിവാഹനങ്ങളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുവളരാൻ ഇടയാകുന്നു. ഡെങ്കിപ്പനിയടക്കം പടർന്നു പിടിക്കുന്നതും പതിവാണ്. താലൂക്ക് ഓഫീസടക്കം പത്തോളം സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷനിൽ ജീവനക്കാർക്കും വിവിധ ആവശ്യങ്ങളായെത്തുന്നവർക്കും ഈ വാഹനങ്ങളും കൊതുകുശല്യവും പ്രശ്നമാണ്.

ലോറിമുതൽ ഓട്ടോറിക്ഷ, ജീപ്പ് തുടങ്ങിയ വാഹനങ്ങളും സിവിൽ സ്റ്റേഷൻ വളപ്പിലുണ്ട്. പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിർത്തിയിടാൻ വേറെ സൗകര്യമില്ലാത്തതിനാലാണ് സിവിൽ സ്‌റ്റേഷൻ വളപ്പിലെ ഒഴിഞ്ഞയിടങ്ങളിൽ ഇവ നിർത്തിയിടുന്നത്. സിവിൽ സ്റ്റേഷൻ വളപ്പിൽ വാഹനങ്ങൾ നിറഞ്ഞപ്പോൾ പുറത്തേക്കും മാറ്റി. പട്ടാമ്പി നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, താലൂക്ക് ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നിടം കൂടിയാണ് മിനി സിവിൽ സ്റ്റേഷൻ പരിസരം.