പട്ടാമ്പി: മൺസൂൺ ആരംഭിച്ച് ഒന്നരമാസമായിട്ടും വെള്ളിയാങ്കല്ല് െറഗുലേറ്ററിൽ തുറക്കാനായത് ആറ് ഷട്ടറുകൾ മാത്രം. സാധാരണ ജൂൺ പകുതിയോടെതന്നെ ഭൂരിഭാഗം ഷട്ടറുകളും ഉയർത്തിവെക്കാറുണ്ട്. കഴിഞ്ഞ ജൂണിൽ ഈസമയം 27 ഷട്ടറുകളിൽ 13 എണ്ണം തുറന്നിരുന്നു. െറഗുലേറ്ററിന് താഴെഭാഗത്തുള്ള ഒന്നാംവിള കർഷകർക്ക് ജലസേചനത്തിനും വെള്ളം ലഭിച്ചിരുന്നു.

ഇക്കുറി ഷട്ടറുകൾ തുറക്കാത്തതും തിരിച്ചടിയാണ്‌. പ്രധാന കാർഷികമേഖലയായ പരുതൂർ അടക്കം വെള്ളിയാങ്കല്ലിന് താഴെയാണ്. മഴ ഇനിയും ശക്തമായില്ലെങ്കിൽ തുറന്ന ഷട്ടറുകളും അടക്കേണ്ടിവരും. ഇപ്പോൾത്തന്നെ വെള്ളിയാങ്കല്ലിന്റെ വൃഷ്ടി പ്രദേശത്തുള്ള പല പദ്ധതികളുടെ പമ്പ് ഹൗസിലും കുറച്ചുദിവസത്തേക്കുള്ള വെള്ളംമാത്രമേ അവശേഷിക്കുന്നുള്ളൂ.

സാധാരണ മഴക്കാലത്ത് ഭാരതപ്പുഴ പരന്നൊഴുകാറുണ്ടെങ്കിലും ഇക്കുറി ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞവർഷത്തേക്കാൾ പകുതിശതമാനം കുറവാണ് ഈ ജൂണിൽ ലഭിച്ച മഴ. 2018ൽ 788.2 മില്ലീമീറ്റർ മഴ ലഭിച്ചപ്പോൾ ഇക്കുറി ജൂണിൽ 351.1 മില്ലീമീറ്റർ മാത്രമാണ് പട്ടാമ്പി മേഖലയിൽ പെയ്തത്. തൃശ്ശൂർ ജില്ലയിലേക്കുള്ള പാവറട്ടി കുടിവെള്ളപദ്ധതിയടക്കമുള്ള മേജർപദ്ധതികൾ വെള്ളിയാങ്കല്ല് െറഗുലേറ്ററിന് കീഴിലുണ്ട്. തൃത്താലമുതൽ പട്ടാമ്പി പാലംവരെ നിരവധി കുടിവെള്ള പദ്ധതികളും വെള്ളിയാങ്കല്ലിനുകീഴിലുണ്ട്.