പട്ടാമ്പി: ഓങ്ങല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ തൊഴിലുറപ്പ്‌ പദ്ധതിയിൽ ഉൾപ്പെടുത്തി പൂവ്വക്കോട് മാർക്കശ്ശേരി തോട്ടിൽ തടയണനിർമാണം പൂർത്തിയാക്കി. 2018-’19 സാമ്പത്തികവർഷത്തെ ആക്‌ഷൻ പ്ലാനിൽ 3,50,000 രൂപ വകയിരുത്തിയിരുന്നു. 325 തൊഴിൽ ദിനങ്ങൾക്കൊണ്ടാണ് നിർമാണം. പദ്ധതിപ്രദേശത്തെ കർഷകർ പ്രധാനമായും ആശ്രയിക്കുന്ന മാർക്കശ്ശേരി തോടിൻറെ രണ്ട് ഭാഗങ്ങളിലാണ് തടയണ നിർമിച്ചത്. ഇതുവഴി തോട്ടിൽ ജലനിരപ്പ് ഉയർത്തുന്നതിനും ജലവിതാനം നിലനിർത്തുന്നതിനും കഴിഞ്ഞിട്ടുണ്ട്. 2.5 ഹെക്ടർ പ്രദേശത്തെ കുടുംബങ്ങൾക്ക് നേരിട്ട്‌ ഗുണം ലഭിക്കുന്നതാണ് പദ്ധതി. പ്രളയത്തിൽത്തകർന്ന തോടിൻറെ വശങ്ങൾ കെട്ടി സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ആറാംകുളം തോട്, പുതുപ്പാലം തോട്, കളത്തിൽപ്പടി തോട് എന്നിവയും വശങ്ങൾ കെട്ടി സംരക്ഷിച്ചിട്ടുണ്ട്.