പട്ടാമ്പി: കാലവർഷം ശക്തമല്ലാത്തതിനാൽ ഭാരതപ്പുഴയിൽ ഒഴുക്ക് കുറവായത് മീൻപിടിത്തക്കാർക്ക് ചാകരയായി. സാധാരണ ജൂൺ, ജൂലായ് മാസങ്ങളിൽ പുഴ ഇരുകരയും മുട്ടിയാണ് ഒഴുകാറുള്ളത്. ഇക്കുറി ഒരുതവണപോലും ഭാരതപ്പുഴ ഇരുകരയും മുട്ടി ഒഴുകിയിട്ടില്ല. വെള്ളിയാങ്കല്ല് തടയണയുള്ളതിനാൽ പട്ടാമ്പി പാലം കടന്നും വെള്ളം നിറഞ്ഞുകിടക്കുന്നുണ്ട്. ഒഴുക്ക് കുറഞ്ഞതിനാൽ മീൻപിടിത്തക്കാർ ഇത് മുതലാക്കുന്നുണ്ട്..
വള്ളമിറക്കി വലയിട്ടും ചൂണ്ടയിട്ടും മീൻപിടിത്തം സജീവമാണ്. നിളയോരത്തെ പാരമ്പര്യ മത്സ്യബന്ധന തൊഴിലാളികളാണ് ഇക്കാര്യത്തിൽ മുമ്പിൽ. ട്രോളിങ് നിരോധനമായതിനാൽ കടൽമത്സ്യങ്ങൾ ലഭിക്കാത്തതും മീൻപിടിത്തക്കാർക്ക് അനുഗ്രഹമാണ്. പുഴയിൽനിന്നുകയറി മണിക്കൂറുകൾക്കുള്ളിൽത്തന്നെ മീൻ വിറ്റഴിയുകയും ചെയ്യും.
തിലോപ്പിയയാണ് പുഴയിൽനിന്ന് കൂടുതൽ ലഭിക്കുന്നത്. വാള, പരൽ തുടങ്ങിയവയും കിട്ടുന്നുണ്ട്. രാത്രി വലവിരിച്ചിട്ട് പുലർച്ചെയോടെ വലകയറ്റി മീൻ പിടിക്കുന്നുണ്ട്. പട്ടാമ്പി പാലത്തിൽനിന്ന് ചൂണ്ടയിട്ട് മീൻ പിടിക്കുന്നത് രാത്രിയിൽ പതിവുകാഴ്ചയാണ്. വെള്ളിയാങ്കല്ല് തടയണഭാഗത്തുനിന്ന് വലിയ മീനുകളെ ലഭിക്കുന്നുണ്ട്.
അപകടകരമായ മീൻപിടിത്തത്തിന് വിലക്ക്
വെള്ളിയാങ്കല്ലിൽ അപകടകരമായ രീതിയിൽ മീൻപിടിക്കുന്നവർക്കെതിരേ വിലക്കുള്ളതായി തൃത്താല എസ്.ഐ. എസ്. അനീഷ് അറിയിച്ചു. കഴിഞ്ഞ ദിവസം പാലത്തിന്റെ താഴ്ഭാഗത്തുനിന്ന് വിദ്യാർഥികളടക്കം ഇരുപതോളംപേരെ പോലീസ് പിടികൂടി താക്കീതുനൽകി വിട്ടയച്ചിരുന്നു. മിക്കവരും യാതൊരു സുരക്ഷയുമില്ലാതെ തടയണയുടെ താഴത്തെ കോൺക്രീറ്റ് കട്ടകളിൽ കയറിനിന്നാണ് മീൻപിടിക്കുന്നത്.
കൂർത്ത കമ്പികളും മൂർച്ചയേറിയ വശങ്ങളും ശക്തമായ വഴുക്കലുമുള്ള ഭാഗമാണ് ഇവിടം. കട്ടകൾക്കിടയിലെ വിടവുകളിൽ ശരീരഭാഗങ്ങൾ കുടുങ്ങിയുള്ള അപകടങ്ങൾക്കും സാധ്യതയുണ്ട്. ആഴമേറിയ ഭാഗങ്ങളാണെന്നറിയാതെ പുഴയിലിറങ്ങി അപകടത്തിൽപ്പെട്ടുള്ള മരണങ്ങളും മുമ്പുണ്ടായിട്ടുണ്ട്.