പട്ടാമ്പി: ഉണക്കുഭീഷണിയിലായ ഒന്നാംവിള നെൽക്കൃഷി രക്ഷിക്കാനായി ഒരു കിലോമീറ്ററോളം പൊന്തകെട്ടിയ കനാലുകൾ നന്നാക്കാൻ കർഷർ. ഓങ്ങല്ലൂരിലെ പാമ്പാടി, കൊണ്ടൂർക്കര പാടശേഖരസമിതികളുടെ നേതൃത്വത്തിൽ പണി തുടങ്ങി. നട്ട നെല്ലും ഞാറ്റടിയും പൂട്ടാനുള്ള കണ്ടങ്ങളും ഉണങ്ങിത്തുടങ്ങി. 200 ഏക്കർ സ്ഥലത്താണ് ഇവിടെ ഒന്നാംവിള നെൽക്കൃഷിയുള്ളത്. ഇതിൽ 70-ഓളം ഏക്കറിൽ ഞാറുപറിച്ചുനടാൻ വെള്ളമില്ലാത്തതിനാൽ കണ്ടം പൂട്ടിയിട്ടില്ല. കണ്ടത്തിൽ തോലിനായി വിതച്ച ഡെയ്ഞ്ച വളർന്നുനിൽക്കുകയാണ്. ഇവിടേയ്ക്ക് വെള്ളമെത്തിക്കാനാണ് കർഷകരുടെ ശ്രമം.
പള്ളിപ്രം ജലസേചനപദ്ധതിയുടെ പാമ്പാടിപ്പാടംവരെയുള്ള കനാലും നമ്പ്രം ഭാഗത്തേക്കുള്ള ഉപകനാലും നന്നാക്കുന്നുണ്ട്. ഇതിന് 15,000 രൂപ വരുമെന്നാണ് കർഷകർ പറയുന്നത്. കനാലുകളിലെ മണ്ണുമാറ്റാനുള്ള നടപടികൾ ഇനിയുമായിട്ടില്ല. കനാലുകൾ നന്നാക്കിയാലും രാവുംപകലും വെള്ളം പമ്പുചെയ്താൽമാത്രമേ ഒന്നാംവിള രക്ഷിക്കാൻ കഴിയൂവെന്നും കർഷകർ പറഞ്ഞു. ഇതിന് ചെറുകിട ജലസേചനവകുപ്പ് അനുമതി തരണമെന്നും കൊണ്ടൂർക്കര പാമ്പാടി പാടശേഖരസമിതി സെക്രട്ടറിമാരായ മുസ്തഫയും മോഹനകൃഷ്ണനും ആവശ്യപ്പെട്ടു.
അനുമതി ലഭിക്കും
ഉണക്കുഭീഷണിയിൽനിന്ന് പാമ്പാടി, കൊണ്ടൂർക്കര പാടങ്ങളിലെ ഒന്നാംവിള നെൽക്കൃഷി രക്ഷിക്കാൻ പള്ളിപ്രം ചെറുകിട ജലസേചനപദ്ധതിയിൽ പകലും രാത്രിയും വെള്ളം പമ്പുചെയ്യാൻ ജില്ലാതല അനുമതി വാങ്ങാൻ ശ്രമിക്കും. 110 മീറ്റർ കനാൽ ഏഴുലക്ഷം രൂപ ചെലവിൽ നവീകരിക്കാൻ കരാറായി. പമ്പ് ഹൗസിന് സമീപവും കുറച്ചുഭാഗം കനാൽ നന്നാക്കും.
-എം.വി. ദിലീപ് അസിസ്റ്റൻറ് എൻജിനീയർ, ചെറുകിട ജലസേചനവകുപ്പ്, ഷൊർണൂർ