പട്ടാമ്പി: പട്ടാമ്പിനഗരത്തിൽ റോഡരികിലെ അഴുക്കുചാലുകൾക്ക് മുകളിലെ സ്ലാബുകൾ തകർന്നുകിടക്കുന്നത് യാത്രക്കാർക്ക് അപകടഭീഷണിയുയർത്തുന്നു. ബസ്‌സ്റ്റാൻഡ് മുതൽ റെയിൽവേകമാനംവരെയുള്ള റോഡിലാണ് തകർന്ന സ്ലാബുകളുള്ളത്. റോഡിനോടുചേർന്ന് വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോഴും മറ്റും സ്ലാബ് തകർന്ന് വാഹനം അപകടത്തിൽപ്പെടുന്നത് പതിവാണ്. വെള്ളിയാഴ്ച വൈകീട്ട് സ്ലാബ് തകർന്ന് കാറിന്റെ ചക്രം അഴുക്കുചാലിലേക്ക് വീണിരുന്നു. നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്നാണ് കാർ പൊക്കിമാറ്റിയത്.

മഴക്കാലപൂർവ ശുചീകരണഭാഗമായി അഴുക്കുചാൽ വൃത്തിയാക്കുമ്പോൾ സ്ലാബുകൾ എടുത്തുമാറ്റിയിരുന്നു. എന്നാൽ, കാലപ്പഴക്കത്താൽ സ്ലാബുകൾ പലേടത്തും പൊട്ടിപ്പോയതിനാൽ തിരികെ സ്ഥാപിക്കാനായിട്ടില്ല. ഇവിടെയെല്ലാം പുതിയ സ്ലാബുകൾ ഇടേണ്ടത് അനിവാര്യമാണ്. കാൽനടയാത്രക്കാർക്കും സ്ലാബ് തകർച്ച അപകടഭീഷണിയാവുന്നുണ്ട്. കമാനംവരെ റോഡിന് വീതിക്കുറവുള്ളതിനാൽ കാൽനടയാത്രക്കാർ സ്ലാബിന് മുകളിലൂടെയാണ് കയറി നടക്കുന്നത്. ഇടയ്ക്ക് കുഴിയായിക്കിടക്കുന്ന ഭാഗം ശ്രദ്ധിച്ചില്ലെങ്കിൽ അഴുക്കുചാലിൽ വീഴുമെന്നതാണ് പ്രശ്നം.

നടപ്പാതയില്ല

പട്ടാമ്പി ബസ്‌സ്റ്റാൻഡ് മുതൽ കമാനംറോഡ് വരെ നഗരത്തിൽ കാൽനടപ്പാതയില്ല. റോഡിന്റെ വീതിക്കുറവാണ് പ്രശ്നം. മുമ്പ് കമാനംമുതൽ മേലേപട്ടാമ്പി വരെ അഴുക്കുചാൽ നവീകരിച്ച് സ്ലാബിട്ട് കാൽനടപ്പാതയൊരുക്കിയിരുന്നു. ബസ് സ്റ്റാൻഡ്-കമാനം റോഡിൽ കാൽനടയാത്രക്കാർ വാഹനങ്ങൾക്കിടയിലൂടെ റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. പട്ടാമ്പി-ഗുരുവായൂർ റോഡ് ജങ്ഷനിലും നടപ്പാതയില്ലാത്തത് അപകടഭീഷണിയുയർത്തുന്നുണ്ട്. അതേസമയം, പട്ടാമ്പി-കുളപ്പുള്ളി പാത വികസനത്തിനായുള്ള ബൃഹത്‌പദ്ധതി യാഥാർഥ്യമായാൽ മാത്രമേ നഗരത്തിലെ ഗതാഗതവും സുഗമമാവുകയുള്ളൂ. ഇതിന്റെ സർവേ നടപടി പുരോഗമിക്കയാണ്. അതിനുമുമ്പുതന്നെ തകർന്ന സ്ലാബുകൾ മാറ്റി സുരക്ഷയൊരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.