പട്ടാമ്പി: ഞാങ്ങാട്ടിരി വി.കെ. കടവിൽ കൃഷിക്കായി ഉഴുതിട്ട പാടത്തിൽ മാലിന്യം തള്ളി. മാലിന്യത്തിൽനിന്ന് ദുർഗന്ധമുയർന്നതോടെ പരിസരത്തെ വീടുകളിലെ താമസക്കാർ ഏറെ ബുദ്ധിമുട്ടിലാണ്. ഹോട്ടലുകളിൽനിന്നുള്ള മാലിന്യമാണ് ഇതെന്നും, കക്കൂസ് മാലിന്യമടക്കം ഇതിലുള്ളതായി സംശയിക്കുന്നതായും പരിസരവാസികൾ പറയുന്നു.

പട്ടാമ്പി-തൃത്താല റോഡിൽ വി.കെ. കടവ് റോഡ് കല്യാണപ്പടിക്ക് സമീപത്ത് ഇരുവശങ്ങളിലായുള്ള പാടശേഖരത്തിലേക്കാണ് ശനിയാഴ്ച രാത്രിയോടെ മാലിന്യംതള്ളിയത്. പാടശേഖരത്തിന് തൊട്ടപ്പുറത്ത്‌ വെള്ളിയാങ്കല്ല് തടയണയുടെ വൃഷ്ടിപ്രദേശമായ ഭാരതപ്പുഴയുള്ളത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. മാലിന്യം ഉടൻ നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

രണ്ടാംവിളയ്ക്കായി ഉഴുതിട്ട പാടത്തിലാണ് മാലിന്യം തള്ളിയത്. മഴക്കാലമായാൽ പാടശേഖരത്തിൽ എങ്ങനെ കൃഷി വിളയിറക്കുമെന്നാണ് കർഷകരുടെ ആശങ്ക. വി.കെ. കടവ് റോഡിൽ മാലിന്യംതള്ളൽ വ്യാപകമാണെന്ന് പ്രദേശവാസികൾ പറയുന്നു. പാടശേഖരവുമായി ബന്ധിപ്പിക്കുന്ന കനാലിൽ മുമ്പും കക്കൂസ് മാലിന്യം തള്ളിയിരുന്നു. സമീപത്തെ മദ്യവില്പനശാലയിൽനിന്ന്‌ മദ്യം വാങ്ങി പാടശേഖരത്തിന് സമീപമിരുന്ന് കഴിച്ച് മദ്യക്കുപ്പികൾ പാടത്തേക്ക് വലിച്ചെറിയുന്നതും പതിവാണെന്ന് കർഷകർ പറയുന്നു.

മാലിന്യം തള്ളിയ പരാതിയെത്തുടർന്ന് തൃത്താല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാർ സ്ഥലം സന്ദർശിച്ചിട്ടുണ്ട്. ഹോട്ടൽമാലിന്യമാണെന്നാണ്‌ കരുതുന്നതെന്നും തിങ്കളാഴ്ച തൃത്താല പോലീസിന് പരാതി നൽകുമെന്നും കൃഷ്ണകുമാർ അറിയിച്ചു.