പട്ടാമ്പി: നഗരത്തിൽ മൺസൂൺപൂർവ ശുചീകരണം ഊർജിതമാകുമ്പോഴും റെയിൽവേ സ്റ്റേഷൻ വളപ്പിലെ മാലിന്യംനീക്കൽ നടക്കുന്നില്ല. മഴയ്ക്കുമുമ്പ് മാലിന്യം നീക്കിയില്ലെങ്കിൽ ചീഞ്ഞളിഞ്ഞ് പകർച്ചവ്യാധികൾക്കിടവരുത്തുമെന്ന ഭീതിയുമുണ്ട്. നിലവിൽ നഗരത്തിലെ വിവിധയിടങ്ങളിലെ മാലിന്യംനീക്കൽ നടന്നുവരികയാണ്.

മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി സിവിൽ സ്റ്റേഷൻ പരിസരം, പമ്പ് ഹൗസ് ഭാഗങ്ങൾ, താലൂക്കാശുപത്രി പരിസരം, ബ്ലോക്ക് ഓഫീസ് പരിസരം, പോലീസ് ക്വാർട്ടേഴ്‌സ് പരിസരം എന്നിവിടങ്ങളിൽ ഇതിനോടകം ശുചീകരണം നടത്തിയിട്ടുണ്ടെന്ന് പട്ടാമ്പി നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു.

മാസങ്ങളായി കുമിഞ്ഞുകൂടിക്കിടക്കുന്നതാണ് റെയിൽവേ സ്റ്റേഷൻ വളപ്പിലെ മാലിന്യക്കൂമ്പാരം. കവറുകളിലാക്കിയും മറ്റും രാത്രികാലങ്ങളിൽ മാലിന്യം തള്ളുകയാണ്. പട്ടാമ്പി പഴയ കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ വളപ്പിൽനിന്ന്‌ ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് കയറുന്ന ഭാഗത്താണ് മാലിന്യം കുന്നുകൂടിക്കിടക്കുന്നത്. കവറുകളിലാക്കി തള്ളിയ മാലിന്യം പുഴുവരിച്ച നിലയിലാണ്. നിരവധി യാത്രക്കാർ ദിവസേന സ്റ്റേഷനിലെത്തുന്ന വഴിയാണിത്. മഴപെയ്താൽ മാലിന്യം റോഡുകളിലേക്കും തൊട്ടടുത്ത ഭാരതപ്പുഴയിലേക്കുമാണ് ഒഴുകിയെത്തുക. മഞ്ഞപ്പിത്തമടക്കമുള്ള പകർച്ചവ്യാധികൾ ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ട മേഖലയാണ് പട്ടാമ്പി.

റെയിൽവേക്ക് കത്ത് നൽകി

നഗരത്തിൽ മൺസൂൺപൂർവ ശുചീകരണം നടന്നുവരികയാണ്. റെയിൽവേ സ്റ്റേഷൻവളപ്പിലെ മാലിന്യം നീക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്. - സത്യൻ

ഹെൽത്ത് ഇൻസ്പെക്ടർ, പട്ടാമ്പി നഗരസഭ