പട്ടാമ്പി: തീവണ്ടി സമയത്തിന്‌ വരാറില്ല, വിശ്രമിക്കാൻ സുരക്ഷിതമായ സ്ഥലവുമില്ല. പട്ടാമ്പി റെയിൽവേസ്റ്റേഷനിലെത്തുന്ന സ്ത്രീ യാത്രക്കാരുടെ ആവശ്യത്തിന് യാതൊരു പരിഗണനയും നൽകാതെ അധികൃതർ. മുമ്പ് റെയിൽവേയുടെ ഡിവിഷണൽ അഡീഷണൽ മാനേജർ പട്ടാമ്പിയിൽ വനിതകൾക്ക് പ്രതീക്ഷാലയം പണിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. അത്‌ കടലാസിൽമാത്രമൊതുങ്ങി.

ടിക്കറ്റുവാങ്ങാൻ നിൽക്കുന്നവരും നഗരത്തിൽ അലഞ്ഞുതിരിയുന്നവരും ഭിക്ഷക്കാരും എല്ലാം വിശ്രമിക്കാനെത്തുന്ന ടിക്കറ്റ് കൗണ്ടർ ഹാളിലാണ് സ്ത്രീയാത്രക്കാരും വിശ്രമിക്കേണ്ടത്. വലിയ ക്ലാസുകളിൽ യാത്രചെയ്യുന്നവർക്കുള്ള വിശ്രമകേന്ദ്രം മാത്രമാണ് സ്റ്റേഷനിലുള്ളത്. മിക്കവാറും, ഇതും അടഞ്ഞുകിടക്കുകയാണ്‌ പതിവ്‌. മുലയൂട്ടുന്ന അമ്മമാർ, വിശ്രമം ആഗ്രഹിക്കുന്ന മുതിർന്ന സ്ത്രീകൾ തുടങ്ങിയവർക്കൊക്കെ പ്രതീക്ഷാലയം ഇല്ലാത്തത് ബുദ്ധിമുട്ടാവുന്നുണ്ട്‌. രാത്രികാല വനിതാ യാത്രക്കാർക്കും സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളിൽ പേടിച്ചുകഴിയേണ്ട അവസ്ഥയാണുള്ളത്.

ആർ.പി.എഫ്. ഔട്ട്‌ ലെറ്റില്ലാത്ത സ്റ്റേഷനാണ് പട്ടാമ്പി. നേരം ഇരുട്ടിയാൽ സാമൂഹികവിരുദ്ധരുടെ താവളംകൂടിയാണ് പട്ടാമ്പി റെയിൽവേസ്റ്റേഷൻ. ടിക്കറ്റ് കൗണ്ടറും സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസും ഒരറ്റത്തായതിനാൽ മറ്റേ അറ്റത്തേക്ക് യാതൊരു സുരക്ഷയും യാത്രക്കാർക്കില്ല.

സ്റ്റേഷൻ വളപ്പിലെ പൊളിഞ്ഞുവീഴാറായ, ഉപയോഗിക്കാത്ത റെയിൽവേ ക്വാർട്ടേഴ്‌സുകൾ കഞ്ചാവുവിൽപ്പനക്കാരുടെ താവളമാണ് ഇപ്പോൾ. ഇത് പൊളിച്ചുമാറ്റി അവിടെ പ്രതീക്ഷാലയം പണിതാൽ സ്ത്രീകൾക്ക് ഏറെ ഉപകാരപ്രദമാവും. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള സ്റ്റേഷനെ, ദിവസേന ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ നിരവധി യാത്രക്കാർ ആശ്രയിക്കുന്നുണ്ട്‌. എന്നാൽ യാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ അധികൃതർ മടിക്കുന്നുവെന്നതാണ് യാഥാർഥ്യം.