പട്ടാമ്പി: റെയിൽവേസ്റ്റേഷൻ വളപ്പിൽ മാലിന്യം നിറയുന്നു. സ്റ്റേഷന് പിന്നിലെ ഒഴിഞ്ഞുകിടക്കുന്ന വളപ്പാണ് മാലിന്യംതള്ളൽ കേന്ദ്രമായി മാറിയിട്ടുള്ളത്. പ്ലാസ്റ്റിക് കവറുകളിൽക്കെട്ടി രാത്രിയാണ് മാലിന്യംതള്ളുന്നത്. ഭക്ഷണാവശിഷ്ടവും മറ്റും അലക്ഷ്യമായി വലിച്ചെറിഞ്ഞ് യാത്രക്കാരും ഇതിൽ പങ്കാളികളാവുന്നുണ്ട്. പ്ലാറ്റ്‌ഫോമുകളിൽ മാലിന്യക്കുട്ടകളുണ്ടെങ്കിലും പലരും ഇതുപയോഗിക്കാത്ത സ്ഥിതിയാണ്. സ്‌റ്റേഷന്റെ മതിലിനോടുചേർന്ന ഭാഗത്ത് ഉപയോഗം കഴിഞ്ഞ ചായ ഗ്ലാസുകളും പ്ലാസ്റ്റിക് കവറുകളും നിറഞ്ഞിട്ടുണ്ട്. തട്ടുകടകളടക്കമുള്ളവയിൽ നിന്നുള്ള മാലിന്യം പ്ലാസ്റ്റിക് കവറുകളിലാക്കിയും അല്ലാതെയും ഇവിടെ തള്ളുന്നുണ്ട്.

ഗാന്ധിജയന്തി വാരാചരണഭാഗമായി എല്ലാവർഷവും പരിസരത്തെ വിദ്യാലയങ്ങളിലെയും കോളേജുകളിലെയും എൻ.എസ്.എസ്. വൊളന്റിയർമാരെത്തി സ്റ്റേഷൻവളപ്പ് ശുചിയാക്കാറുണ്ട്. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ വീണ്ടും മാലിന്യം നിറയും.

പഴയ കെ.എസ്.ആർ.ടി.സി. സ്റ്റേഷനിൽനിന്ന്‌ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് കയറുന്ന വഴിയും പരിസരവും മലിനമായിക്കിടക്കയാണ്. മൂക്കുപൊത്താതെ ഇതുവഴി നടക്കാനാവില്ല. രാത്രി ഇവിടം വിജനമാകുന്നതോടെ സാമൂഹികവിരുദ്ധർക്ക് മാലിന്യംതള്ളാൻ സൗകര്യവുമാണ്. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനത്തിൽ സ്റ്റേഷൻവളപ്പും ശുചീകരിക്കേണ്ടതുണ്ട്.