പട്ടാമ്പി: കാർഷികവൃത്തിയുടെ ധന്യതയും പൈതൃകവും വീടിന്റെ ഐശ്വര്യവും കാക്കാൻ കതിർക്കുല നിർമിക്കുന്നതിൽ സന്തോഷം കണ്ടെത്തുകയാണ് ചെറുകോട് മുക്കിലാവിൽ മോഹൻദാസ്. പണ്ട് ജന്മി കുടുബങ്ങളിലും പഴയ കർഷകത്തറവാടുകളിലും വീടിന്റെ പൂമഖത്തും മച്ചിലുമെല്ലാം കെട്ടിയുണ്ടാക്കിയ കതിർക്കുലകൾ തൂക്കിയിട്ടിരുന്നു.

മുണ്ടകൻ കൊയ്ത്തുകഴിഞ്ഞാണ് നല്ല കതിരുള്ള ചുരുട്ട് മാറ്റിവെച്ച് കതിർക്കുല നിർമിച്ചിരുന്നത്. തലേവർഷം ഉണ്ടാക്കിയ കതിർക്കുല പിറ്റേവർഷം മലര്‌ വറുക്കാൻ എടുക്കും. കാരണം നല്ല മലരിന് ഏറെ ഉണക്കവും പഴക്കവും വേണം വളരെ ശാസ്ത്രീയമായാണ് ഇത്‌ നിർമിക്കുന്നത്. രണ്ടാംവിളയിലെ നല്ല കതിരുകളുള്ള ചുരുട്ട് മാറ്റിവെച്ച് അത് മഞ്ഞത്ത് ഇട്ട് ഈർപ്പം വിടാതെയാക്കും. തുടർന്ന് നെല്ലിന്റെ ഓലകൾ മാറ്റും. എന്നിട്ട് ഈരണ്ട്‌ കതിരെടുത്ത് മെടയണം. ഓരോ സെന്റീമീറ്ററിലും ഈരണ്ട്‌ കതിർ വെച്ച് മെടഞ്ഞ്‌ ഏകദേശം എട്ട്‌ മീറ്ററാക്കും. പിന്നീട്‌ ഇത് വട്ടത്തിൽ ചുറ്റിയെടുത്ത് അറ്റം ഉള്ളിലേക്ക് തിരുകിവെക്കും.

കതിർക്കുലയ്ക്ക് അടിസ്ഥാനമായി വലിപ്പമുള്ള ചിരട്ടയെടുത്ത് കണ്ണിൽക്കൂടി കതിർ പുറത്തേക്കെടുത്ത് മൂന്നുനാല്‌ കതിർ മെടഞ്ഞ് അടിസ്ഥാനമുണ്ടാക്കും. താൻ കൃഷിചെയ്തുണ്ടാക്കിയ ജീരകശാല, വൈശാഖ, ജ്യോതി, പൊന്മണി നെല്ലിനങ്ങൾ കൊണ്ടാണ് മോഹൻദാസ് കതിർക്കുല ഇക്കുറി നിർമിച്ചത്.

പ്രവാസിയായിരുന്ന മോഹൻദാസ് നാട്ടിലേക്ക് തിരിച്ചെത്തിയശേഷം പാട്ടത്തിനെടുത്ത രണ്ടേക്കറടക്കം നാലേക്കറിൽ നെൽക്കൃഷി ചെയ്യുന്നുണ്ട്. പരമ്പരാഗത കാർഷിക കുടുബമാണ്. പച്ചക്കറിക്കൃഷി, പശുവളർത്തൽ, എള്ള്, മുതിര, ചാമ, ചെറുപയർ, രാഗി, ചോളം, ഉഴുന്ന് എന്നിവയും കൃഷിചെയ്യുന്നു. ജൈവ കർഷകനുള്ള നിരവധി പുരസ്കാരങ്ങളും മോഹൻദാസിനെ തേടിയെത്തിയിട്ടുണ്ട്. രണ്ടാംവിള കൊയ്ത്തിനുമുമ്പ് പറയുന്നവർക്ക്, കതിർക്കുല നിർമിച്ചുനൽകാനും ഒരുക്കമാണ് മോഹൻദാസ്.