പട്ടാമ്പി: നെൽപ്പാടങ്ങളിൽ കൃഷിചെയ്യാൻ അനുയോജ്യമായ പുതിയ മൂന്ന് പയർവിത്തിനങ്ങൾകൂടി പട്ടാമ്പി കാർഷികഗവേഷണ കേന്ദ്രം പുറത്തിറക്കുന്നു. നിലവിലെ കനകമണി ഇനത്തേക്കാൾ കൂടുതൽ ഗുണമേന്മയുള്ള വിത്തിനങ്ങളാണ് മൂന്നെണ്ണവുമെന്ന് അധികൃതർ പറയുന്നു.

കെ.ബി.സി.-4, പി.ടി.ബി.സി.പി.-4, പി.ജി.സി.പി.-23 എന്നീ മൂന്നിനം പയർവിത്തിനങ്ങളാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്.

ഒന്നാംവിളയ്‌ക്കുശേഷം ഒക്ടോബർ മുതൽ ഡിസംബർവരെയുള്ള മാസങ്ങളിൽ കൃഷിചെയ്യാവുന്ന ഇനമാണ് കെ.ബി.സി.-4. 44 മുതൽ 66 ദിവസംവരെയാണ് മൂപ്പെത്താനുള്ള കാലാവധി. ഒന്നാംവിളയ്‌ക്കുശേഷം വെള്ളംലഭിക്കാത്ത പാടശേഖരങ്ങൾക്ക് അനുയോജ്യമായ ഇനമാണ് ഇത്.

കനകമണി ഹെക്ടറിന് 976 കിലോഗ്രാമാണ് വിളവ് തരുന്നതെങ്കിൽ, കെ.ബി.സി. 4-ന്റെ വിളവ് 1,207 കിലോഗ്രാമാണ്. സീസൺ നോക്കാതെ കൃഷി ചെയ്യാൻ അനുയോജ്യമായ വിത്തിനമാണ് പി.ടി.ബി.സി.പി.4. മഴ സീസണായ ജൂൺ, ജൂലായ്‌ മാസങ്ങളിലും ഉയർന്ന തടമെടുത്ത് ഈ പയർ കൃഷിചെയ്യാനാവും. ഒരു ഹെക്ടറിൽനിന്ന്‌ 1,334 കിലോഗ്രാം വിളവാണ് പി.ടി.ബി.സി.പി.-4-ൽനിന്ന്‌ ലഭിക്കുക. രണ്ടാംവിളയ്‌ക്കുശേഷം ഇറക്കാൻ പാകത്തിലുള്ളതാണ് പി.ജി.സി.പി.-23 എന്ന പയർവിത്തിനം. രണ്ടാംവിള കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളിലെ ഈർപ്പംകൊണ്ടുതന്നെ ഇവ മൂപ്പെത്തും. ആർ.എ.ആർ.എസ്. അസോസിയേറ്റ് പ്രൊഫസർ ഡോ. എസ്.എം. പുരുഷോത്തമന്റെ നേതൃത്വത്തിലാണ് ഗവേഷണം. സീഡ് വെറൈറ്റി കമ്മിറ്റിയുടെ അംഗീകാരത്തിനുശേഷം മൂന്ന് വിത്തിനങ്ങളും കർഷകരിലേക്കെത്തുമെന്ന് ഡോ. എസ്.എം. പുരുഷോത്തമൻ പറഞ്ഞു.