പട്ടാമ്പി: വേനലിൽ പച്ചക്കറിക്കൃഷി ചെയ്യുമ്പോൾ നാലുനാൾ വെള്ളം നനയ്ക്കാനായില്ലെന്നുകരുതി ഇനി പേടിക്കേണ്ട. മണ്ണിലെ ജലാംശം നിലനിർത്താനുള്ള ഗുളിക പട്ടാമ്പിയിലെത്തി.

പട്ടാമ്പി കാർഷിക ഗവേഷണകേന്ദ്രത്തിൽ നടന്ന പൈതൃക നെൽവിത്ത് മേളയോടനുബന്ധിച്ച് നടന്ന പ്രദർശനത്തിൽ ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ സ്റ്റാളിൽ ഹൈഡ്രോജൽ ഗുളികകളുടെ പാക്കറ്റും പ്രദർശിപ്പിച്ചിരുന്നു. വിളകളിൽ ഉപയോഗിക്കാവുന്ന ജൈവരീതിയിൽ നിർമിച്ച ഈ ഗുളികകൾ സ്പോഞ്ചുപോലെ വെള്ളം വലിച്ചുകുടിച്ച് വീർത്ത് മണ്ണിൽ കിടക്കും. ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾച്ചർ റിസർച്ചിൽനിന്ന്‌ പൂസ ഹൈഡ്രോജൽ വാങ്ങി പട്ടാമ്പിയിലെ ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിൽവെച്ച് ഗുളികകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. പച്ചക്കറികളിൽ നാലെണ്ണവും വാഴയ്ക്ക് എട്ടെണ്ണവും കവുങ്ങിന് പത്തെണ്ണവും തെങ്ങിന് 20 എണ്ണവും ഇട്ടാൽ മതി. വെള്ളം വലിച്ചുകുടിക്കുന്ന ഇവ മണ്ണിൽ ഈർപ്പം നിലനിർത്തുന്നതിനാൽ നനയുടെ അളവിൽ കുറവുവരുത്താൻ സഹായിക്കും. ഒരു ഗുളികയ്ക്ക് മൂന്നുരൂപയാണ് വില. വലിയ മഴ പെയ്യുന്നതുവരെയാണ് ഇവയുടെ ആയുസ്സ്. പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രത്തിൽ ഇവ വില്പനയ്ക്കുണ്ട്. പ്രദർശനത്തിൽ കാർഷിക ഡിപ്ലോമാ വിദ്യാർഥികൾ ഒരുക്കിയ സീഡ് മ്യൂസിയം, വിവിധതരം കമ്പോസ്റ്റ് യൂണിറ്റുകളുടെ പ്രദർശനം, അക്വോപോണിക്സ് വെർട്ടിക്കൽ ഗാർഡൻ, അരിയുടെ രുചിഭേദങ്ങൾ വിളിച്ചറിച്ചിക്കുന്ന വിഭവങ്ങൾ, പൈതൃകവിത്തുശാലയുടെ പ്രദർശനം തുടങ്ങിയവയും ശ്രദ്ധേയമായിരുന്നു.