പട്ടാമ്പി: കാത്തിരിപ്പിനൊടുവിൽ താലൂക്കിൽ ഭിന്നശേഷിസൗഹൃദ ഡ്രൈവിങ് ലേണേഴ്‌സ് കേന്ദ്രം തുറന്നു. മിനി സിവിൽസ്റ്റേഷനിലെ താഴത്തെ നിലയിൽ പ്രത്യേക സജ്ജീകരണങ്ങളോടെ ഒരുക്കിയ കേന്ദ്രത്തിൽ കൊടുമുണ്ട സ്വദേശി ജിതിൻകൃഷ്ണ ആദ്യ ടെസ്റ്റെടുത്തു. മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

താലൂക്കിൽ മോട്ടോർവാഹനവകുപ്പ് ആരംഭിച്ചതുമുതൽ ഭിന്നശേഷിക്കാരുടെ ആവശ്യമായിരുന്നു താഴത്തെനിലയിൽ ലേണേഴ്‌സ് ടെസ്റ്റിനുള്ള സൗകര്യമൊരുക്കുകയെന്നത്.

പൊതുമരാമത്ത് വകുപ്പ്‌ അധികൃതരാണ് മുറി പണിതത്. ഭിന്നശേഷിക്കാർക്ക് അനുയോജ്യമാകുംവിധം ഇരുന്ന് ലേണേഴ്‌സ് ടെസ്റ്റ് എടുക്കാവുന്ന രീതിയിലാണ് കംപ്യൂട്ടർ ഘടിപ്പിച്ചിട്ടുള്ളത്.

മിനി സിവിൽസ്റ്റേഷനിലെ മൂന്നാംനിലയിലുള്ള ജോയന്റ് ആർ.ടി.ഒ. ഓഫീസിലേക്ക് ഭിന്നശേഷിക്കാർക്ക് ലേണിങ് ടെസ്റ്റിനായി എത്താൻ ബുദ്ധിമുട്ടായിരുന്നു. മാസങ്ങൾക്കുമുമ്പ് താലൂക്ക് വികസനസമിതി യോഗത്തിൽ ഇക്കാര്യം ചർച്ചയാവുകയും മാസത്തിലൊരിക്കൽ താഴത്തെനിലയിൽ ഇതിനായി സൗകര്യമൊരുക്കണമെന്ന് യോഗം തീരുമാനിക്കയും ചെയ്തു. ഇതിനായി ഒരു മുറിയും ഓൺലൈൻ സംവിധാനത്തിനുള്ള സൗകര്യമൊരുക്കാനും നിർദേശിച്ചു. ഇതേത്തുടർന്ന്, താഴത്തെനിലയിൽ കോണിക്ക് താഴെയുള്ള മുറിയിൽ ഒരു തവണ ടെസ്റ്റ് നടത്തിയെങ്കിലും തുടരാനായില്ല.

തുടർന്നാണ് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ.യുടെ ആവശ്യപ്രകാരം സ്ഥിരം സംവിധാനമെന്ന ആശയത്തിലെത്തിയത്. താഴത്തെനിലയിലെ അന്വേഷണ കേന്ദ്രത്തിന് സമീപത്തെ മുറി ഇതിനായി തഹസിൽദാർ അനുവദിച്ചു.

ചടങ്ങിൽ പാലക്കാട് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. പി. ശിവകുമാർ അധ്യക്ഷനായി. ജോയന്റ് ആർ.ടി.ഒ. എൻ.ആർ. രാജൻ, എം.വി.ഐ. ജോയ്‌സൺ, പൊതുമരാമത്ത് അസി. എൻജിനീയർ ബാലവിനായകൻ, െഡപ്യൂട്ടി തഹസിൽദാർ ടി.പി. കിഷോർ എന്നിവർ സംസാരിച്ചു.