പട്ടാമ്പി: പട്ടാമ്പിയിൽനിന്ന്‌ ചെർപ്പുളശ്ശേരി, മണ്ണാർക്കാട് ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാരുടെ പ്രധാന പ്രതിസന്ധിയാണ് വല്ലപ്പുഴയിലെ റെയിൽവേ ഗേറ്റ്. കുടുങ്ങിയാൽ അരമണിക്കൂറെങ്കിലും പോയിക്കിട്ടും. ഗേറ്റ് തുറന്നാൽ ഗതാഗതത്തിരക്കിനിടയിൽ വണ്ടിയെടുത്ത് മുന്നോട്ടുപോകൽ ഒരു കടമ്പയാണ്. റോഡിന്റെ വീതികുറവ്, മൂന്ന് ഭാഗങ്ങളിലേക്കുള്ള റോഡിനോടുചേർന്നുള്ള ഗേറ്റ് ഇവയൊക്കെ ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ട്. ഇതിനുപുറമേ വല്ലപ്പുഴയിൽനിന്ന്‌ ചെർപ്പുളശ്ശേരിവരെയുള്ള റോഡിന്റെ തകർച്ചയും ഒരു പ്രശ്നമാണ്.

വല്ലപ്പുഴ ഗേറ്റുള്ളത് മൂന്ന് പ്രധാന റോഡുകൾ ചേരുന്ന കവലയോടുചേർന്നാണ് എന്നത് വാഹനത്തിരക്കേറുന്നതിന് ഇടയാക്കുന്നുണ്ട്. ഷൊർണൂർ -വാണിയംകുളം -കയിലിയാട് റോഡ് വന്നുചേരുന്നത് വല്ലപ്പുഴ ഗേറ്റിലേക്കാണ്. കൂടാതെ പാലക്കാട് ജില്ലയെ മലപ്പുറം ജില്ലയുമായി ബന്ധിപ്പിക്കുന്ന റോഡുകൂടിയാണിത്.

ഷൊർണൂർ-കയിലിയാട്, വല്ലപ്പുഴ-മുളയങ്കാവ് കട്ടൂപ്പാറവഴി മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലേക്കും മറ്റും നിരവധി യാത്രക്കാർ ദിവസേന യാത്രചെയ്യുന്നുണ്ട്. തീർഥാടനകേന്ദ്രമായ ഗുരുവായൂരിലേക്ക് ചെർപ്പുളശ്ശേരി, മണ്ണാർക്കാട് ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ പട്ടാമ്പിവഴി കടന്നുപോകുന്ന പ്രധാന പാതകൂടിയാണിത്.

കൊടുമുണ്ട, വാടാനാംകുറിശ്ശി, വല്ലപ്പുഴ എന്നീ മൂന്ന് റെയിൽവേ മേല്പാലങ്ങൾക്ക് കിഫ്ബി പച്ചക്കൊടി കാണിച്ചിരുന്നു. കൊടുമുണ്ടയിൽ സർവേ നടത്തിയിട്ടുണ്ട്. വാടാനാംകുറിശ്ശിയിൽ ദ്രുതഗതിയിൽ നടപടികൾ മുന്നോട്ടുപോകുന്നുമുണ്ട്.

ഗേറ്റടവ് 14 തവണ

ദിവസവും ഷൊർണൂർ ഭാഗത്തേക്കും, നിലമ്പൂർ ഭാഗത്തേക്കും ഏഴുതവണവീതം ട്രെയിനുകൾ കടന്നുപോകും. ഇതിനായി രാവിലെ ആറിനും രാത്രി 10-നുമിടയിൽ 14 തവണയാണ് റെയിൽവേ ഗേറ്റടയ്ക്കുക. ഇതിൽ നാലുതവണയൊഴിച്ച് ബാക്കിയെല്ലാം പകൽസമയത്താണ്. ആംബുലൻസടക്കമുള്ള അവശ്യസർവീസുകളടക്കം നിർത്തിയിടുകയോ, വഴിതിരിഞ്ഞുപോവുകയോ വേണം. രാവിലെ സ്കൂളുകളിലേക്കും ഓഫീസുകളിലേക്കും ജീവനക്കാരും, കുട്ടികളും തിരക്കിട്ടുപോകുന്ന ഏഴിനും പത്തിനുമിടക്ക് നാലുതവണയാണ് ഗേറ്റടവുള്ളത്.