പട്ടാമ്പി: വെറുമൊരു കാഴ്ചവസ്തുമാത്രമായി മാറുകയാണ് പട്ടാമ്പി ബസ് സ്റ്റാൻഡിലെ പോലീസ് എയ്ഡ് പോസ്റ്റ്. യാത്രക്കാരെ സഹായിക്കാനായുള്ള എയ്ഡ് പോസ്റ്റ് മാസങ്ങളായി അടഞ്ഞനിലയിലാണ്. രാവിലെ മുതൽ വൈകീട്ടുവരെ ഇവിടെ പോലീസ് ഡ്യൂട്ടിയിലുണ്ടാവാറുണ്ടായിരുന്നു. എന്നാൽ, പോസ്റ്റ് പൂട്ടിയതോടെ ബസ്സുകളുടെ സമയക്രമം ചൊല്ലിയുള്ള തർക്കങ്ങളും മറ്റും പരിഹരിക്കാൻ സംവിധാനമില്ലാതായിരിക്കുകയാണ്. ഇത് യാത്രക്കാർക്കും ബുദ്ധിമുട്ടാവുന്നുണ്ട്. സ്റ്റാൻഡിന് മുന്നിൽ യാത്രക്കാരെ ഇറക്കാൻ ഓട്ടോറിക്ഷകൾ തോന്നിയപോലെ നിർത്തുന്നതും പതിവാണ്.

ബസ്സിനുവേണ്ടി വിദ്യാർഥികൾ വരിനിൽക്കുന്നതും ഇവിടെ പതിവ് കാഴ്ചയാണിപ്പോൾ. പോലീസിന്റെ സാന്നിധ്യമില്ലാത്തത് ബസ്സുകാർക്ക് സഹായകരമാണ്. തിരക്കേറിയ സമയങ്ങളിൽ സ്റ്റാൻഡിന് പുറത്ത് പോലീസ് ഡ്യൂട്ടിയിലുണ്ടാകുമെന്നതാണ് യാത്രക്കാർക്ക് ഏക ആശ്വാസം.

കെ.എസ്.ആർ.ടി.സി.യുടെ നിരവധി ദീർഘദൂര സർവീസുകളും പട്ടാമ്പി സ്റ്റാൻഡിൽ വന്നുപോകുന്നുണ്ട്. ഇതിനുപുറമെ നൂറുകണക്കിന് സ്വകാര്യ ബസ്സുകളുമുണ്ട്. സൗകര്യം കുറഞ്ഞ സ്റ്റാൻഡിൽ യാത്രക്കാർക്ക് അപകടമുണ്ടാകുന്നതും പതിവാണ്. അമിതവേഗം സ്റ്റാൻഡിലേക്ക് ബസ്സുകൾ പ്രവേശിക്കുന്നതാണ് യാത്രക്കാർക്ക് അപകടം വരുത്തുന്നത്. പോലീസിന്റെ സാന്നിധ്യമില്ലാത്തത് വാഹനങ്ങൾ അമിതവേഗത്തിലെത്തുകയും ചെയ്യുന്നുണ്ട്. രണ്ടുവർഷത്തിനിടെ ആറ്‌്‌ അപകടമാണ് സ്റ്റാൻഡിലെ പ്രവേശനകവാടത്തിൽ നടന്നത്.

കൊപ്പത്ത് പുതിയ സ്റ്റേഷൻ സ്ഥാപിച്ചപ്പോൾ കുറച്ചുപേരെ അവിടേക്ക് മാറ്റിയതിനാൽ പട്ടാമ്പി സ്റ്റേഷനിൽ പോലീസുകാരുടെ കുറവും ഒരു പ്രശ്‌നമാണ്.

പരിശോധിക്കും

പട്ടാമ്പി ബസ് സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ പോലീസിനെ ഡ്യൂട്ടിക്കിടുന്ന കാര്യം പരിശോധിക്കും. നിലവിൽ സ്റ്റാൻഡിന് മുൻവശത്ത് പോലീസ് ഗതാഗതനിയന്ത്രണത്തിനുണ്ട്.

പി.വി. രമേഷ്, സർക്കിൾ ഇൻസ്‌പെക്ടർ പട്ടാമ്പി