പട്ടാമ്പി: ‘നീ തന്നെയാടാ ഉവ്വേ പട്ടാമ്പിയിലെ ബൈപ്പാസ്...’ മേലേ പട്ടാമ്പിയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള ഗതാഗതനിരോധനം വിഷയമായി പട്ടാമ്പിയിലെ ഒരു സാമൂഹികമാധ്യമപേജിൽ വന്ന ട്രോളാണിത്. ഗതാഗതം നിർത്തിവെച്ചതോടെ വീതികുറഞ്ഞ ചെറുറോഡുകൾ ബൈപ്പാസായി യാത്രക്കാർ ഉപയോഗിക്കുന്നതാണ് ട്രോളായി മാറിയത്. മേലേ പട്ടാമ്പി -പെരിന്തൽമണ്ണ റോഡ് ജങ്ഷനിൽ നവീകരണത്തിന്റെ ഭാഗമായി പൂർണമായി ഗതാഗതം നിർത്തിവെച്ചതോടെ നടപ്പാവാത്ത ബൈപ്പാസ് റോഡ് പദ്ധതി സാമൂഹികമാധ്യമങ്ങളിൽ നിറയുകയാണ്. ട്രോളായും ചെറുകുറിപ്പുകളായും ബൈപ്പാസില്ലാത്ത പ്രശ്നം നാട്ടുകാർ മുന്നോട്ടുവെക്കുന്നുണ്ട്.

പട്ടാമ്പി -പെരിന്തൽമണ്ണ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗമാണ് കട്ടവിരിച്ച് നവീകരിക്കുന്നത്. ഗതാഗതം നിർത്തിവെച്ചതോടെ നിലവിൽ മുതുതല, തൃത്താലക്കൊപ്പംവഴി യാത്രക്കാർക്ക്‌ ഏറെ ചുറ്റിത്തിരിഞ്ഞുവേണം പെരിന്തൽമണ്ണ റോഡിലെത്താൻ. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കാറുകളും നഗരത്തിലെ ചെറുറോഡുകളെയാണ് ആശ്രയിക്കുന്നത്. മാർക്കറ്റ് റോഡ് ജങ്ഷൻ- സിവിൽ സ്റ്റേഷൻ- ഹൈസ്കൂൾ റോഡ്, അലക്സ് തിയേറ്റർ-കൈത്തളി- ഹൈസ്കൂൾ റോഡ് തുടങ്ങിയ ചെറുറോഡുകൾ ഇപ്പോൾ യാത്രക്കാരുടെ ബൈപ്പാസുകളാണ്. വാഹനങ്ങൾ ഏറിയതോടെ ഈ റോഡുകളിൽ ഗതാഗതത്തിരക്കും രൂക്ഷമാണ്. പലപ്പോഴും വാഹനങ്ങൾ ഏറെസമയം കുരുങ്ങിക്കിടക്കുന്ന സ്ഥിതിയാണ്. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ 13 വർഷം മുമ്പ് വിഭാവനംചെയ്ത ബൈപ്പാസ് റോഡ് ഇപ്പോഴും പാതിവഴിയിലാണ്. മേലെപട്ടാമ്പി -പെരിന്തൽമണ്ണ റോഡിലെ മാർക്കറ്റ് സമുച്ചയ പരിസരത്തുനിന്ന്‌ കണ്ടംതോടിന്റെ അരികിലൂടെ ഞെരവത്തുപാടം പെരുമുടിയൂർ ഗേറ്റുവഴി പള്ളിപ്പുറം -പട്ടാമ്പി റോഡിലെത്തുന്നതാണ് ബൈപ്പാസ് റോഡ്. ഈ റോഡ് യാഥാർഥ്യമായാൽ, നഗരത്തിൽ ഗതാഗതം നിരോധിക്കുന്ന സമയങ്ങളിൽ യാത്രക്കാർക്ക് ഏറെ സഹായകരമാവും. എന്നാൽ റോഡ്‌ യാഥാർഥ്യമാവാൻ ഇനിയും പ്രവർത്തികളേറെ ബാക്കിയാണ്. ചുരുക്കം ഭാഗങ്ങളിൽ റോഡ് ഒറ്റടയടിപ്പാതയായി തുടരുന്നു. റോഡിന്റെ ഇരുവശവും പാർശ്വഭിത്തികൾ കെട്ടി സോളിങ്ങും മെറ്റലിങ്ങും ടാറിങ്ങും ഇനിയും നടക്കാനുണ്ട്. 2005-ൽ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്താണ് പദ്ധതി കൊണ്ടുവന്നത്. 2010-ൽ പദ്ധതിക്ക് തുടക്കംകുറിച്ചുവെങ്കിലും ഫണ്ടിന്റെ അപര്യാപ്തതമൂലം നിർത്തിവെക്കുകയായിരുന്നു. നിലവിൽ ബൈപ്പാസ് റോഡിന്റെ നഗരസഭാപരിധിയിലുള്ള ഭാഗം കട്ടവിരിച്ച് നവീകരിക്കാൻ പദ്ധതിയുണ്ട്. അടുത്ത ബജറ്റിൽ ഇതിനായി 25 ലക്ഷം രൂപ നീക്കിവെക്കും.