പട്ടാമ്പി: മൂന്നുമാസത്തിലേറെയായി അടച്ചിട്ട പട്ടാമ്പി കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് ഇനിയും തുറന്നില്ല. സാമ്പത്തികഞെരുക്കം കാരണം കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ എണ്ണവും ഡ്യൂട്ടിയും കുറച്ചപ്പോൾ പട്ടാമ്പിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററെ പെരിന്തൽമണ്ണയിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു. അതോടെ പട്ടാമ്പി ബസ് സ്റ്റാൻഡിൽ ഒറ്റമുറിയിൽ പ്രവർത്തിച്ചിരുന്ന സ്റ്റേഷൻ മാസ്റ്റരുടെ ഓഫീസ് അടച്ചു.പെരിന്തൽമണ്ണ സ്റ്റേഷന്റെ കീഴിലാണ് പട്ടാമ്പി ബസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്.

150-ഓളം കെ.എസ്.ആർ.ടി.സി. ഷെഡ്യൂളുകൾ എട്ടുമണിക്കൂർ സമയത്തിൽ പട്ടാമ്പിയിലുണ്ടായിരുന്നു. നിരവധി യാത്രക്കാർ ഇവിടെ അന്വേഷണങ്ങൾക്കായെത്തിയിരുന്നു. കേരളത്തിലെ പ്രധാന നഗരങ്ങളിലേക്കും അയൽസംസ്ഥാനങ്ങളിലേക്കും ഇതുവഴി ബസ് സർവീസുണ്ട്. നഗരസഭാ ആസ്ഥാനവും താലൂക്കാസ്ഥാനവും റെയിൽവേ സ്റ്റേഷനുമുള്ള പട്ടാമ്പിയിൽ കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ അനിവാര്യമാണ്.

തുടങ്ങിയത് 2001-ൽ

ഉപാധികളോടെ പട്ടാമ്പി പഴയ ബസ് സ്റ്റാൻഡി 2001-ലാണ് കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ തുടങ്ങുന്നത്. രണ്ടുപേരാണ് ഡ്യൂട്ടിക്കുണ്ടായിരുന്നത്. സ്ഥലം കിട്ടിയാൽ ഡിപ്പോ തുടങ്ങുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു.

2005-ൽ സ്റ്റേഷൻ മാസ്റ്റരുടെ തസ്തിക ഒന്നാക്കി. പിന്നീട് ഏക തസ്തികയും ഇല്ലാതാക്കി. ഏറെ സമ്മർദങ്ങൾക്കുശേഷമാണ് ഒരു തസ്തിക അനുവദിച്ച്‌ സ്റ്റേഷൻ വീണ്ടും തുടങ്ങിയത്. മൂന്നുവർഷങ്ങൾക്കുമുമ്പ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന കെട്ടിടം കാലപ്പഴക്കത്താൽ പൊളിഞ്ഞുവീഴാറായപ്പോൾ പട്ടാമ്പി നഗരസഭാ ബസ് സ്റ്റാൻഡിലെ ഒരു മുറി സ്റ്റേഷൻ മാസ്റ്റർക്കായി കൊടുക്കുകയായിരുന്നു. പഴയ ബസ് സ്റ്റാൻഡ്‌ സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്സ് കെട്ടാൻ നഗരസഭ തീരുമാനിച്ചിരുന്നു. തൊട്ടടുത്ത് റെയിൽവേ സ്ഥലമായതിനാൽ അവർ കെട്ടിടസമുച്ചയം നിർമിക്കാൻ ഉപാധികൾവെച്ചതോടെ പദ്ധതി ഏതാണ്ട് മുടങ്ങിയ മട്ടാണ്. ഇപ്പോൾ അവിടെ നഗരസഭയുടെ പേ ആൻഡ് പാർക്കിങ് കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.

ചെലവുചുരുക്കലിന്റെ ഭാഗം

ചെലവുചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണവും ഡ്യൂട്ടി സമയവും കുറച്ചതിനാലാണ് പട്ടാമ്പിയിലെ സ്റ്റേഷൻ മാസ്റ്റർ തസ്തിക നിർത്തേണ്ടിവന്നത്. ഷെഡ്യൂളുകൾ കുറഞ്ഞതും പട്ടാമ്പി ഭാഗത്ത് കെ.എസ്.ആർ.ടി.സി. യാത്രക്കാർ കുറഞ്ഞതും തസ്തിക പുനഃസ്ഥാപിക്കാൻ തടസ്സമാണ്.

-കെ.എസ്.ആർ.ടി.സി. പെരിന്തൽമണ്ണ സ്റ്റേഷൻ മാസ്റ്റർ