പട്ടാമ്പി: അനധികൃത പാർക്കിങ്ങും റോഡിന്റെ വീതിക്കുറവും നഗരത്തിലെ പള്ളിപ്പുറം റോഡിനെ കുരുക്കിലമർത്തുന്നു. ബസ്‌സ്റ്റാൻഡിൽനിന്ന്‌ പള്ളിപ്പുറം റോഡിലേക്കുള്ള പാതയിൽ ഗതാഗതക്കുരുക്ക് പതിവാണ്. ഇരുവശവും ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത് സുഗമമായ ഗതാഗതത്തിന് തടസ്സമാവുന്ന സ്ഥിതിയാണ്.

നോ പാർക്കിങ് ബോർഡുകൾ അവഗണിച്ച് അവിടെത്തന്നെ പലപ്പോഴും വാഹനങ്ങൾ പാർക്ക് ചെയ്യും. പള്ളിപ്പുറം റോഡിൽ തിരക്കുള്ള സ്ഥലങ്ങളിൽ വൈദ്യുതക്കാലുകളും റോഡിനോടുചേർന്നാണ്. ഇതും മാറ്റിസ്ഥാപിക്കണം. പട്ടാമ്പി പഴയ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് നഗരസഭയുടെ പേ ആൻഡ് പാർക്കിങ് ആയതോടെ ഇരുചക്രവാഹനങ്ങൾ പലതും റോഡരികിലാണ് നിർത്തിയിടുന്നത്. ബസ് സ്റ്റാൻഡിനോടുചേർന്ന് ചെറിയൊരു പാർക്കിങ് കേന്ദ്രം ഉണ്ടെങ്കിലും ഓട്ടോറിക്ഷ പാർക്കിങ്ങടക്കം ഇവിടെയായതിനാൽ പലപ്പോഴും സ്ഥലം ഉണ്ടാവാറില്ല.

പട്ടാമ്പിയിൽനിന്ന്‌ പള്ളിപ്പുറം, പരുതൂർ, മുതുതല ഭാഗത്തേക്കുള്ള ബസ്സുകളും ഇതുവഴി പോകുന്നുണ്ട്. റോഡിനിരുവശവും വാഹനങ്ങൾ നിറഞ്ഞാൽ ഈ ബസ്സുകൾക്ക് സ്റ്റാൻഡിൽനിന്ന്‌ തിരിഞ്ഞുപോകാനും പ്രയാസമാണ്.

പ്രതീക്ഷ പട്ടാമ്പി-കുളപ്പുള്ളി റോഡ് നവീകരണത്തിൽ

പട്ടാമ്പിയിൽനിന്ന്‌ കുളപ്പുള്ളിവരെയുള്ള റോഡ് നവീകരണത്തിന് പദ്ധതിയുണ്ട്. റോഡ് വീതികൂട്ടി അഴുക്കുചാലടക്കമുള്ള സൗകര്യങ്ങളോടെയാണ് റോഡ് വരിക. പദ്ധതി പെട്ടെന്ന് യാഥാർഥ്യമായാൽ മാത്രമേ നഗരത്തിലെ ഗതാഗതപ്രശ്‌നം പരിഹരിക്കാനാവൂ. പദ്ധതിയുടെ നടപടി പുരോഗമിക്കുന്നുണ്ടെന്ന് പൊതുമരാമത്ത് വകുപ്പധികൃതർ പറയുന്നു.