പട്ടാമ്പി: മൺപാതയായി കിടക്കുന്ന കൊണ്ടൂർക്കര ഫാം റോഡ് കോൺക്രീറ്റ് ചെയ്യണമെന്ന് കൊണ്ടൂർക്കര, പാമ്പാടി പാടശേഖരസമിതികൾ ആവശ്യപ്പെട്ടു. ഇരിപ്പൂകൃഷി ചെയ്യുന്ന 250 ഏക്കർ വയലിന്‌ നടുവിലൂടെയാണ് ഫാം പാതയുള്ളത്. മഴപെയ്താലും മറ്റും ഈ പാത ചളിനിറഞ്ഞ്‌ കുഴികളായി മാറുകയാണ്. അപ്പോൾ കാൽനടപോലും ദുഷ്കരമാണ്.

കോൺക്രീറ്റ് ചെയ്താൽ കർഷകർക്കാവശ്യമായ ട്രാക്ടർ, കൊയ്ത്തുമെതിയന്ത്രം, നടീൽയന്ത്രം എന്നിവ കൊണ്ടുവരാൻ കഴിയും. ചെറുവാഹനത്തിൽ വളം കൊണ്ടുവരാനും കഴിയും. കടപ്പുറമ്പത്തുകാവ്, കൊള്ളിപ്പറമ്പ്, കാരക്കാട് ഭാഗത്തേക്ക് പോകുന്ന കാൽനടക്കാർക്കും റോഡ് നന്നാക്കിയാൽ അനുഗ്രഹമാകും.

കൊണ്ടൂർക്കര, കൊള്ളിപ്പറമ്പ് വാർഡുകളെ ബന്ധിപ്പിക്കുന്ന അഞ്ചുമീറ്റർ വീതിയുള്ള പാതയാണിത്. ഇതിന് ഫണ്ട് വകയിരുത്താൻ ജനപ്രതിനിധികളുടെ സഹായം തേടുമെന്ന് ഓങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജിഷാർ പറമ്പിൽ പറഞ്ഞു.