പട്ടാമ്പി: ചരക്കുവണ്ടി പട്ടാമ്പി റെയിൽവേ സ്റ്റേഷന്റെ ഔട്ടറിൽ നിർത്തിയിട്ടതിനാൽ പെരുമുടിയൂർ റെയിൽവേ ഗേറ്റിനുമുന്നിൽ വാഹനങ്ങൾ കുടുങ്ങി. ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് 11.45മുതൽ 12.15വരെയാണ് കാറുകളും ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും ഗേറ്റിനിരുവശവുമായി വഴിമുട്ടി നിന്നത്.

നേരത്തെ പോയ ചരക്കുവണ്ടിക്ക് ഷൊർണൂരിൽ ലൈൻ കിട്ടാത്തതിനാൽ കാരക്കാട് റെയിൽവേ സ്റ്റേഷനിൽ പിടിച്ചിടുകയായിരുന്നു. അതിനുപിന്നിൽ വന്ന ചരക്കുവണ്ടി ഇതോടെ പട്ടാമ്പി സ്റ്റേഷന്റെ ഔട്ടറിൽ നിർത്തിയിടേണ്ടി വന്നു. ഇതിന്റ പെട്ടികൾ പെരുമുടിയൂർ റെയിൽവേ ഗേറ്റ്‌ കടന്നാണ് നിന്നത്. പട്ടാമ്പിയിൽ നിർത്താതെ പോകേണ്ട വണ്ടികളായിരുന്നു ഇവ.