പട്ടാമ്പി: പട്ടാമ്പി ഗവ. സംസ്കൃതകോളേജിലെ രണ്ട് എൻ.സി.സി. കേഡറ്റുകൾക്ക് മുഖ്യമന്ത്രിയുടെ അവാർഡ്. മികച്ച എൻ.സി.സി. കേഡറ്റുകൾക്കുള്ള ചീഫ് മിനിസ്റ്റേഴ്‌സ് അവാർഡിനാണ് കോളേജിലെ സീനിയർ അണ്ടർ ഓഫീസർ നിതിനും കമ്പനി സർജന്റ് മേജർ മനീഷയും അർഹരായത്. നിതിൻ കഴിഞ്ഞവർഷം ഡൽഹിയിൽ നടന്ന റിപ്പബ്ളിക് ദിന പരേഡിൽ കേരളത്തെ പ്രതിനിധാനംചെയ്ത്‌ പങ്കെടുത്തിരുന്നു. പ്രീ ആർ.ഡി. ക്യാമ്പിൽ മനീഷയും പങ്കെടുത്തു. കുളപ്പുള്ളി മഠത്തുംപടിക്കൽ ഉണ്ണിക്കൃഷ്ണൻ-പ്രീത ദമ്പതിമാരുടെ മകനാണ് നിതിൻ. കാറൽമണ്ണ മടയിൽ മണികണ്ഠൻ-പ്രേമ ദമ്പതിമാരുടെ മകളാണ് മനീഷ. ഇരുവരും ആറാംസെമസ്റ്റർ ഫിസിക്സ് ബിരുദ വിദ്യാർഥികളാണ്. ഒറ്റപ്പാലം 28 ബറ്റാലിയനുകീഴിലുള്ള സീനിയർ ഡിവിഷനിൽനിന്ന് ഇവർമാത്രമാണ് മുഖ്യമന്ത്രിയുടെ അവാർഡിന് അർഹരായത്. അവാർഡ് ജേതാക്കളെ പ്രിൻസിപ്പൽ ഡോ. എസ്. ഷീല, എൻ.സി.സി. ഓഫീസർ ക്യാപ്റ്റൻ ഡോ. പി. അബ്ദു തുടങ്ങിയവർ അനുമോദിച്ചു.