പട്ടാമ്പി: ഭാരതപ്പുഴയിൽ വലിയ ചാലുകീറി വെള്ളമെത്തിച്ചതോടെ കിഴായൂർ ജലസേചനപദ്ധതി പ്രവർത്തനക്ഷമമായി. കേടുവന്ന 30 കുതിരശക്തിയുള്ള ഒരു മോട്ടോർ നന്നാക്കിക്കിട്ടുകയും ചെയ്തു. കനാലുകൾ തൊഴിലുറപ്പുപദ്ധതിയിൽ നന്നാക്കിയിട്ടുമുണ്ട്.

പദ്ധതി നടപ്പായതോടെ 150ഏക്കൽ രണ്ടാംവിള നെൽക്കൃഷി ഉണക്കുഭീഷണിയിൽ നിന്ന് രക്ഷപ്പെട്ട സന്തോഷത്തിലാണ് കർഷകർ. ഒരു മോട്ടോർ നന്നാക്കാനും പുഴയിൽ കനാൽ നിർമിക്കാനുമായി ഏറെ പണം പാടശേഖരസമിതിക്ക് ചെലവാക്കേണ്ടിവന്നു. ഇതിൽ 20,000 രൂപ പട്ടാമ്പി നഗരസഭ നൽകുമെന്ന് അറിയിച്ചതായി പാടശേഖരസമിതി പറയുന്നു. ബാക്കി അരലക്ഷത്തോളം രൂപ കർഷകർ വഹിക്കയാണ്.

മുക്കാൽലക്ഷത്തിലധികം രുപ മോട്ടോർ നന്നാക്കാനും ചെലവായിട്ടുണ്ട്. ഇത് ചെറുകിട ജലസേചനവകുപ്പ്‌ വൈദ്യുതിവിഭാഗംവഴി പാടശേഖരസമിതിക്ക് ലഭിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. നന്നാക്കാൻ കൊണ്ടുപോയ 30 കുതിരശക്തിയുള്ള ഒരു മോട്ടോർകൂടി ഉടൻ പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്.

പുഴയിലെ ചാലുകൾ കാറ്റടിച്ച് മണൽത്തരികൾവീണ് നികന്നുവരുന്നതും കർഷകരിൽ ആശങ്കയുളവാക്കുന്നുണ്ട്. പുഴ ഗതിമാറി ഒഴുകിയതും വലിയതോതിലുള്ള മണലെടുപ്പുമാണ് പദ്ധതിപ്രവർത്തനത്തിന്റെ താളം തെറ്റിച്ചത്. പദ്ധതിയുടെ സുഗമായ പ്രവർത്തനത്തിന് പട്ടാമ്പിയിൽ െറഗുലേറ്റർ സ്ഥാപിക്കണം. ഇതിന് നബാഡിന്റെ സഹായം ലഭിക്കേണ്ടതുണ്ട്.