പട്ടാമ്പി: പാടേ തകർന്നുകിടക്കുന്ന ഷൊർണൂർ-പെരിന്തൽമണ്ണ സംസ്ഥാനപാതയുടെ പട്ടാമ്പി-കുളപ്പുള്ളി റോഡിൽ ഇന്റർലോക്ക് ഇഷ്ടിക വിരിക്കാൻ തുടങ്ങി. ഇടയ്ക്കിടെ തകരുന്ന ഭാഗങ്ങളിലാണ് ടാറിങ്ങിനുപകരം ഇഷ്ടിക വിരിക്കുന്നത്.

കൂടെക്കൂടെ തകരുന്ന ഭാഗങ്ങളിൽ ടാറിങ് ഫലപ്രദമാവില്ലെന്ന വിലയിരുത്തലിലാണ് ഇഷ്ടിക വിരിക്കാൻ തീരുമാനിച്ചത്. ഇതിനായി റോഡിലെ പൊട്ടിപ്പൊളിഞ്ഞ ടാറിങ്, മുമ്പ് ജെ.സി.ബി. ഉപയോഗിച്ച് മാന്തിയെടുത്ത് മെറ്റലിങ് നടത്തി നിരപ്പാക്കിയിരുന്നു. പിന്നീട് ഇഷ്ടികയുടെ ലാബ് പരിശോധനയ്ക്കുശേഷം ബലം ഉറപ്പുവരുത്തിയാണ് റോഡിൽ വിരിക്കാൻ തുടങ്ങിയത്.

നിലവിൽ പാതയുടെ പത്തിലധികം ഭാഗങ്ങളിലെ റോഡ് പാടേ തകർന്നാണ് കിടക്കുന്നത്. ടാറിങ്ങും ഇതോടൊപ്പം നടത്തും. മൊത്തം 120 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് റോഡ് നവീകരണത്തിന് കരാറായിട്ടുള്ളത്. ഇതിന്റെ ഭാഗമായി 75 ലക്ഷം രൂപ ചെലവിൽ നാലിടങ്ങളിലാണ് ഇന്റർലോക്ക് ഇഷ്ടിക വിരിക്കുന്നത്.

വാഹനത്തിരക്കേറിയ ഷൊർണൂർ-പെരിന്തൽമണ്ണ സംസ്ഥാനപാത മാസങ്ങളായി തകർന്നാണ് കിടക്കുന്നത്. കുഴിയടയ്ക്കൽ നടത്തിയിട്ടും റോഡിലൂടെയുള്ള ദുരിതയാത്രയ്ക്ക് ശാശ്വതപരിഹാരമായില്ല. കുളപ്പുള്ളി-പട്ടാമ്പി റോഡിന്റെ നവീകരണത്തിനുപുറമേ പട്ടാമ്പി-പുലാമന്തോൾ റോഡിന്റെ നവീകരണംകൂടെ പൂർത്തിയായാൽ മാത്രമേ സംസ്ഥാനപാത വഴി പോകുന്നവർക്ക് പൂർണ പ്രയോജനം ലഭിക്കുകയുള്ളൂ. പട്ടാമ്പി-പുലാമന്തോൾ റോഡ് സാധ്യതാപഠനം നടത്തി ഡിസൈൻ റോഡാക്കി മാറ്റാനാണ് തീരുമാനം. ഇതിന്റെ സാധ്യതാപഠനം പുരോഗമിക്കുകയാണ്. 17.11 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. അഴുക്കുചാൽ അടക്കമുള്ള റോഡാണ് പട്ടാമ്പിമുതൽ പുലാമന്തോൾ പാലംവരെ നിലവിൽ വരിക.