പട്ടാമ്പി: സായാഹ്നങ്ങൾ ചെലവഴിക്കാൻ നിളാതീരത്ത് ഒരു പാർക്കെന്നത് പട്ടാന്പിക്കാരുടെ സ്വപ്നങ്ങളിലൊന്നാണ്. ഇത് നടപ്പാക്കിയില്ലെന്ന്‌ മാത്രമല്ല, കൈയേറിയും മാലിന്യം തള്ളിയും പുഴയെ നശിപ്പിക്കുകയുമാണ്. ഭാരതപ്പുഴയെ സംരക്ഷിക്കാൻ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കണമെന്ന ആവശ്യമുയരുന്നു. നഗരത്തോട് ചേർന്നൊഴുകുന്ന പുഴയുടെ തീരങ്ങൾ ഇപ്പോൾ മാലിന്യകേന്ദ്രങ്ങളാണ്. ഇവിടങ്ങളിൽ ചിൽഡ്രൻസ് പാർക്കോ പൂന്തോട്ടമോ നിർമിക്കണമെന്നാണ് പരിസ്ഥിതിസ്നേഹികളും പുഴസംരക്ഷണപ്രവർത്തകരും ആവശ്യപ്പെടുന്നത്.

പട്ടാമ്പി പാലത്തിന് സമീപത്ത് പാർക്കിന് അനുയോജ്യമായ നിരവധി സ്ഥലങ്ങളുണ്ട്. കിഴായൂർ നമ്പ്രം റോഡിലും അനുയോജ്യമായ സ്ഥലം കാടുപിടിച്ചു കിടക്കുന്നുണ്ട്.

വിശ്രമവേളകൾ ചെലവിടൻ സമയമില്ല

പട്ടാമ്പി നഗരത്തിൽ വർഷങ്ങൾക്കുമുമ്പ് ഒരു പാർക്കുണ്ടായിരുന്നു. ഇപ്പോഴത്തെ മിനി സിവിൽ സ്റ്റേഷൻ റോഡിലുണ്ടായിരുന്ന പാർക്കിലായിരുന്നു അക്കാലത്ത് പൊതുയോഗങ്ങൾ നടന്നിരുന്നതും. ഇ.എം.എസ്, വി.ടി. രണദിവെ, ജ്യോതിബസു തുടങ്ങിയ നേതാക്കളൊക്കെ അവിടെ വന്ന് പ്രസംഗിച്ചിരുന്നു.

ഇവിടെ സ്ഥാപിച്ചിരുന്ന റേഡിയോയിലൂടെ വാർത്തകൾ കേൾക്കാനായി ഒരുപാടുപേർ എത്തിയിരുന്നു. പല കൂട്ടായ്മകളും അന്നുണ്ടായിരുന്നു.

പദ്ധതികൾ ആവിഷ്കരിച്ചിരുന്നു

രണ്ട് പതിറ്റാണ്ട് മുമ്പ് പഴയകടവ് റോഡിൽ പുഴയോരത്ത് പൂന്തോട്ടം നിർമിച്ച് ഇരിപ്പിടങ്ങൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടായിരുന്നു. സായാഹ്ന-പ്രഭാത സവാരികൾക്ക് ഉപയോഗപ്പെടുത്താനും ലക്ഷ്യമുണ്ടായിരുന്നു. എന്നാൽ ഇത് നടപ്പായില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പാലത്തിനോട് ചേർന്ന് തടയണയും പാർക്കും സ്ഥാപിക്കാൻ ആലോചനയുണ്ടായി. ടൂറിസം അധികൃതർ ഇതിനായി സന്ദർശനം നടത്തിയെങ്കിലും യാഥാർഥ്യമായില്ല.

പുതിയ പദ്ധതികൾക്കായി ശ്രമിക്കും

പുഴയോരത്ത് പാർക്ക് സ്ഥാപിക്കാനായി ടൂറിസം വകുപ്പിന് മുമ്പ് പദ്ധതിനിർദ്ദേശം നൽകിയിരുന്നു. എന്നാൽ, പ്രളയത്തെത്തുടർന്ന് പല പദ്ധതികളും പിൻവലിച്ചതോടെ ഇതിന്റെ സാധ്യത മങ്ങി. പുതിയ പദ്ധതികൾക്കായി ശ്രമിക്കും -മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ.