പട്ടാമ്പി: ഭാരതപ്പുഴയിൽനിന്നും തൂതപ്പുഴയിൽനിന്നും അനധികൃതമായി മണൽ കടത്തുന്നവർക്കെതിരെ റവന്യൂ, പോലീസ് അധികൃതർ നടപടി കർശനമാക്കുന്നു. കൃത്യമായി രേഖകളില്ലാതെ വീടുകളിൽ മണൽ സൂക്ഷിച്ചാലും നടപടി നേരിടേണ്ടിവരും. ഇത്തരത്തിൽ രേഖകളില്ലാതെ സൂക്ഷിച്ച മൂന്ന്‌ യൂണിറ്റ് പുഴമണൽ തൃത്താല പോലീസും, പട്ടിത്തറ വില്ലേജോഫീസറുംചേർന്ന് പിടികൂടി.

ആലൂർ അത്താണിക്കൽ സ്വദേശിയായ നൗഷാദിന്റെ കൈവശമുള്ള സ്ഥലത്തുനിന്നാണ് മണൽശേഖരം പിടിച്ചെടുത്തത്. വീടുപണിക്കായി കഴിഞ്ഞദിവസം രാത്രിയിൽ മണൽക്കടത്തുകാർ ഇറക്കിക്കൊടുത്തതായിരുന്നു ഇതെന്ന് റവന്യൂ അധികൃതർ അറിയിച്ചു. രേഖകളില്ലാതെ സൂക്ഷിച്ചതാണെന്ന്‌ ബോധ്യപ്പെട്ടതിനെത്തുടർന്ന് പിടിച്ചെടുക്കുകയായിരുന്നു. പിടിച്ചെടുത്ത മണൽ നിർമിതികേന്ദ്രയ്ക്ക് കൈമാറി. മണൽ കടത്താനുപയോഗിച്ചിരുന്ന ലോറി ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടതിനെത്തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനം കളക്ടർക്ക്‌ കൈമാറുമെന്ന് പോലീസ് അറിയിച്ചു.

മണൽ കടത്തുന്ന വാഹനത്തിന്റെ ഉടമയ്ക്കും ഡ്രൈവർക്കും പുറമെ, മണൽ സൂക്ഷിക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കാൻ താലൂക്ക് വികസനസമിതി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ കൊപ്പം പോലീസ് സ്റ്റേഷനുകീഴിൽ മൂന്ന് വാഹനങ്ങളാണ് പിടിയിലായത്.

നിലവിൽ രാത്രികാലങ്ങളിലും, അവധിദിവസങ്ങളിൽ മുഴുവൻ സമയവും റവന്യൂ സ്പെഷൽ സ്ക്വാഡ് പരിശോധന നടത്തുന്നുണ്ട്. പ്രവൃത്തിദിനങ്ങളിൽ 18 വില്ലേജ് ഓഫീസുകളും താലൂക്കോഫീസും കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുന്നുണ്ട്. ഇതിനുപുറമേ, താലൂക്ക് പരിധിയിലെ നാല് പോലീസ് സ്റ്റേഷനുകൾക്ക് കീഴിലും ഇതിനായി പ്രത്യേക പട്രോളിങ്ങും നടത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.