പട്ടാമ്പി: ജൂണിൽ മഴക്കാലം തുടങ്ങിയതോടെ നിർത്തിവെച്ച ചെങ്ങണാംകുന്ന്‌ റെഗുലേറ്ററിന്റെ പണി തുലാവർഷം കഴിഞ്ഞശേഷം ഒക്ടോബറിൽ പുനരാരംഭിക്കും. പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂർ പഞ്ചായത്തിനെയും തൃശ്ശൂർ ജില്ലയിലെ ദേശമംഗലം പഞ്ചായത്തിനെയും ബന്ധിപ്പിച്ച് ഭാരതപ്പുഴയിൽ 32.5 കോടി രൂപ ചെലവിലാണു റെഗുലേറ്റർ നിർമിക്കുന്നത്. 290 മീറ്റർ വീതിയിൽ അഞ്ച് കിലോമീറ്റർ നീളത്തിൽ പുഴയിൽ ജലം സംഭരിക്കുന്ന പദ്ധതിയാണിത്.

നബാർഡിന്റെ സഹായത്തോടുകൂടിയാണ് നിർമാണം. 21 തൂണുകളുടെ പണി പൂർത്തിയായിക്കഴിഞ്ഞു. നാലടി വീതിയുള്ള റെഗുലേറ്ററിന്റെ നടപ്പാതയും പൂർത്തിയായിട്ടുണ്ട്. 22 ഷട്ടറുകൾ സ്ഥാപിക്കാനായി എത്തിച്ചുകഴിഞ്ഞു. ഇവ പ്രവർത്തിപ്പിക്കുന്നതിനുള്ള 22 മോട്ടോറുകളും വന്നിട്ടുണ്ട്‌. ജനറേറ്റർ റൂമും തയ്യാറായി.

760 മീറ്റർ പാർശ്വഭിത്തിയും കെട്ടിക്കഴിഞ്ഞു. എട്ടുമീറ്റർകൂടി ഇനി പണിയാനുണ്ട്. ഷീറ്റ് പൈലിങ്ങും നടത്താനുണ്ട്. സിവിൽവർക്കുകളും ഏറെക്കുറേ പൂർത്തീകരിച്ചിട്ടുണ്ടെന്നും വൈദ്യുതജോലികൾക്ക് ദർഘാസ് വിളിച്ച് കരാറുകാരനെ ഏൽപ്പിച്ചെന്നും അധികൃതർ വ്യക്തമാക്കി. ഭാരതപ്പുഴയിൽ കഴിഞ്ഞമാസമുണ്ടായ വെള്ളപ്പൊക്കത്തിലും കുത്തൊഴുക്കിലും ചണ്ടികളും തടിക്കഷണങ്ങളും തൂണുകളിൽ തടഞ്ഞുകിടക്കുന്നുണ്ട്. 2019 -ൽ പദ്ധതി കമ്മീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷ.