പട്ടാമ്പി/ഒറ്റപ്പാലം: ഭാരതപ്പുഴയെയും തൂതപ്പുഴയെയും ആശ്രയിച്ച് പ്രവർത്തിക്കുന്ന നാല് കുടിവെള്ളപദ്ധതികളുടെ പമ്പിങ് പുനരാരംഭിച്ചില്ല. ഒറ്റപ്പാലത്തെയും പട്ടാമ്പിയിലെയും രണ്ട് പമ്പ് ഹൗസുവീതമാണ് പ്രവർത്തനം പുനരാരംഭിക്കാനാവാത്ത അവസ്ഥയിലുള്ളത്.

പുഴയിൽ ചെളിവെള്ളം നിറഞ്ഞൊഴുകുന്നതും ചിലയിടങ്ങളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതും പമ്പ് ഹൗസുകളിൽ വെള്ളംകയറിയതുമാണ് പുനഃസ്ഥാപിക്കാനാവാത്തതിന് കാരണം. ഈ പ്രദേശങ്ങളിൽ രണ്ടുദിവസമായി കുടിവെള്ള വിതരണം നിലച്ച അവസ്ഥയാണ്. എന്നാൽ, ജലശുദ്ധീകരണികളുള്ള പമ്പ് ഹൗസുകളെല്ലാം ശനിയാഴ്ച രാവിലെയോടെ പമ്പിങ് തുടങ്ങി.

ഒറ്റപ്പാലത്തെ മൂന്ന് പമ്പ് ഹൗസുകളും കഴിഞ്ഞ വ്യാഴാഴ്ചയോടെ ജല അതോറിറ്റി അടച്ചുപൂട്ടിയിരുന്നു. ഇതോടെ 10,000ത്തോളം ഉപഭോക്താക്കൾക്കാണ് ഒറ്റപ്പാലത്ത് കുടിവെള്ളം മുടങ്ങിയത്. മൂന്ന് പമ്പ് ഹൗസുകളിൽ രണ്ടെണ്ണം ഇനിയും തുറന്നിട്ടില്ല. അമ്പലപ്പാറയ്ക്കുള്ള കുമ്പാരംകുന്ന് പമ്പ് ഹൗസ്, വാണിയംകുളം വെള്ളിയാട് പമ്പ് ഹൗസ് എന്നിവിടങ്ങളിലാണ് ചെളിമൂലം പമ്പിങ് തുടങ്ങാനാവാത്തത്. വെള്ളത്തിൽ ചെളി കലങ്ങിയത് കുറഞ്ഞാൽ പമ്പ് ഹൗസ് പ്രവർത്തിപ്പിച്ച് തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു. ഒറ്റപ്പാലം നഗരസഭയിലെ കൂട്ടിലമുക്ക് പമ്പ്ഹൗസ് വെള്ളിയാഴ്ച വൈകീട്ടോടെ പ്രവർത്തനമാരംഭിച്ചു. പമ്പ്ഹൗസിൽക്കയറിയ വെള്ളമൊഴിയുകയും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കയും ചെയ്തതോടെയാണ് പമ്പിങ് തുടങ്ങിയത്. പട്ടാമ്പിമേഖലയിൽ ആറ് പമ്പ്ഹൗസുകളാണുള്ളത്. അതിൽ ഓങ്ങല്ലൂർ പഞ്ചായത്തിലെ ഭാരതപ്പുഴ സ്രോതസ്സായുള്ള കുടിവെള്ളപദ്ധതി ഇനിയും പ്രവർത്തനമാരംഭിച്ചിട്ടില്ല. മേഖലയിലെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനാകാത്തതാണ് വിതരണം തടസ്സപ്പെടുന്നതിന് കാരണം. തൂതപ്പുഴ പ്രധാന സ്‌ത്രോതസ്സായി പ്രവർത്തിക്കുന്ന പരുതൂർ പഞ്ചായത്തിലെ മോട്ടോർപ്പുരയിലേക്ക് വെള്ളംകയറിയതുമൂലം പമ്പിങ് തുടങ്ങാനായിട്ടില്ല. ഒരാഴ്ചയെങ്കിലും കഴിയാതെ പമ്പിങ് തുടങ്ങാനാകില്ലെന്നാണ് അധികൃതർ പറയുന്നത്. മറ്റുനാല്‌ പമ്പ്ഹൗസുകളും പ്രവർത്തനം തുടങ്ങി. ഷൊർണൂരിലെ നിർത്തിെവച്ച രണ്ട് പമ്പ്ഹൗസുകളും ശനിയാഴ്ച രാവിെലയോടെ പമ്പിങ് തുടങ്ങി. തൂതപ്പുഴയിൽനിന്ന് വെള്ളമെടുത്ത് പ്രവർത്തിക്കുന്ന ചെർപ്പുളശ്ശേരി പമ്പ്ഹൗസ് ഭാഗികമായി പ്രവർത്തനം തുടങ്ങിയതായി അധികൃതർ അറിയിച്ചു.

കുഴിൽക്കിണർ പദ്ധതികൾ പ്രവർത്തിക്കുന്നു

കുടിവെള്ളം പമ്പുചെയ്യാനാകാത്ത സ്ഥലങ്ങളിലെല്ലാം കുഴൽക്കിണർ മുഖാന്തരം പമ്പിങ് നടക്കുന്നുണ്ട്. അമ്പലപ്പാറ, അനങ്ങനടി, പഞ്ചായത്തുകളിലെല്ലാം കുഴൽക്കിണർ പദ്ധതികൾ മുഖാന്തരം വെള്ളമെത്തിക്കുന്നുണ്ട്.

- ജല അതോറിറ്റി അധികൃതർ.