പത്തിരിപ്പാല : കരനെൽക്കൃഷിയിൽ തുടർച്ചയായി വിജയംകൊയ്ത് മണ്ണൂരിലെ ദമ്പതിമാർ. മണ്ണൂർ ചേറുമ്പാല കിഴക്കേകുട്ടത്തിൽ സേതുമാധവനും ഭാര്യ കോമളവല്ലിയുമാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കരനെൽക്കൃഷിയിൽ നൂറുമേനി വിളവെടുക്കുന്നത്.

വയൽക്കൃഷിയെ അപേക്ഷിച്ച് ചെലവും വെല്ലുവിളികളും കുറവായതിനാലാണ് വർഷങ്ങളായി കരനെൽക്കൃഷിയിലേക്ക്‌ തിരിഞ്ഞതെന്ന് സേതുമാധവൻ. ഒന്നരയേക്കർ കൃഷിയിടത്തിൽ നെല്ലിനുപുറമേ വാഴ, തെങ്ങ്, കവുങ്ങ്, കുരുമുളക്, ഇഞ്ചി, മഞ്ഞൾ എന്നിവയുമുണ്ട്. കൂടെ മത്സ്യക്കൃഷിയും പശുഫാമും കോഴിഫാമും. പൂർണമായി ജൈവവളമുപയോഗിച്ചാണ് കരനെൽക്കൃഷി. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായസഹകരണങ്ങളാണ് കൃഷിക്ക് പ്രചോദനമെന്ന് സേതുമാധവൻ പറഞ്ഞു. കഴിഞ്ഞവർഷം മണ്ണൂർപഞ്ചായത്തിന്റെ ഏറ്റവുംനല്ല കരനെൽക്കൃഷിക്കുള്ള അവാർഡ് സേതുമാധവനാണ് ലഭിച്ചത്.