പത്തിരിപ്പാല : ചികിത്സാച്ചെലവ് താങ്ങാനാവാതെ വീടിന്റെ മേൽക്കൂര അറ്റകുറ്റപ്പണി മുടങ്ങിയ കുടുംബത്തിന് സി.പി.എം.അരിമ്പൻകുളങ്ങര ബ്രാഞ്ച് കമ്മിറ്റി പ്രവർത്തകർ ശ്രമദാനത്തിലൂടെ വീട് പുതുക്കിപ്പണിതുനൽകി. മണ്ണൂർ തീപ്പാറ്റുകുഴി കുമാരന്റെ (കാശു) വീടിന്റെ മേൽക്കുരയാണ് കോൺക്രിറ്റാക്കി പുതുക്കിപ്പണിതത്. ഇന്ദിര ആവാസ്‌ യോജന പ്രകാരം വീടിന് സർക്കാർ ധനസഹായം ലഭിച്ചെങ്കിലും മകളുടെ ചികിത്സാകാരണങ്ങളാൽ വീട് പൂർത്തീകരിക്കാനായില്ല. മഴയെത്തിയതോടെ പ്ലാസ്റ്റിക്‌ഷീറ്റ് മേഞ്ഞ മേൽക്കൂര ചോരാനും തുടങ്ങി. സി.പി.എം. മണ്ണൂർ ലോക്കൽസെക്രട്ടറി ടി.ആർ. ശശി, പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ, പഞ്ചായത്തംഗം എ.കെ. ജയശ്രി, പി.വി. പീതാംബരൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശ്രമദാനം.