പത്തിരിപ്പാല : അടച്ചിടൽകാലംമുതൽ ജീവിതത്തിലും ഇരുൾപരന്ന അന്ധദമ്പതിമാർക്ക് കൈത്താങ്ങുമായി നാട്. ലോട്ടറി വിൽപ്പനയിലൂടെ കിട്ടുന്ന തുച്ഛമായ വരുമാനവും നിലച്ച് ഇവർക്ക് കാലിടറിയപ്പോൾ സുമനസ്സുകൾ രംഗത്തെത്തി, ഇവരുടെ ജീവിതത്തിലേക്ക് പുതിയ പ്രകാശം നിറയ്ക്കാൻ പെട്ടിക്കടയെന്ന് ആശയവുമായി...

മണ്ണൂർ ഒന്നാംമൈൽ വലിയവീട്ടിൽ അനിൽകുമാറിനും ഭാര്യ പദ്‌മാവതിക്കുമാണ് നാട്ടുകാർ പെട്ടിക്കട ഒരുക്കിക്കൊടുത്തത്. അനിൽകുമാറും പദ്‌മാവതിയും രണ്ടുമക്കളുമടങ്ങുന്ന കുടുംബം ലോട്ടറി വിറ്റാണ് ജീവിച്ചിരുന്നത്. ലോക്‌ഡൗണായതോടെ കുടുംബത്തിന്റെ ജീവിതം വഴിമുട്ടി. ഈ സാഹചര്യത്തിലാണ് ജീവകാരുണ്യ പ്രവർത്തകനായ എസ്.ജെ.എൻ. നജീബിന്റെ നേതൃത്വത്തിൽ കുടുംബത്തിന് സഹായഹസ്തവുമായി നാട്ടുകാർ രംഗത്തിറങ്ങിയത്.

തുടർന്ന്, പ്രദേശവാസികളും പ്രവാസിയും വ്യാപാരികളും ബ്ലൈൻഡ് ഫെഡറേഷൻ നേതാക്കളും സഹായവുമായി എത്തിയതോടെ കുടുംബത്തിന് പെട്ടിക്കടയായി. കാൽലക്ഷം രൂപ ചെലവിൽ സാധനങ്ങളോടുകൂടെയാണ് പെട്ടിക്കടയുണ്ടാക്കി നൽകിയത്. മണ്ണൂർ രാജകുമാരനുണ്ണി പെട്ടിക്കട ഉദ്ഘാടനംചെയ്തു. എസ്.ജെ.എൻ. നജീബ് അധ്യക്ഷനായി. ഡിഫൻസ് ഓഫീസർ വിജയൻ, സി. കൃഷ്ണദാസ്, മുത്തലി, ഷാജി പുത്തൻപുര, സജിത് മണ്ണൂർ, ആഷിഫ് എന്നിവർ സംസാരിച്ചു.