പത്തിരിപ്പാല : മണിക്കൂറുകൾക്കുള്ളിൽ വീട് വൈദ്യുതീകരിച്ച് നൽകി കെ.എസ്.ഇ.ബി. അധികൃതർ.

തേനൂർ അയ്യർമല പാച്ചാത്തിനി വീട്ടിൽ ലീലയുടെയും രമയുടെയും ഒറ്റമുറി ഓലവീട്ടിലാണ് അപേക്ഷ നൽകി മണിക്കൂറുകൾക്കുള്ളിൽ സൗജന്യമായി വൈദ്യുതിയെത്തിയത്. രോഗികളായ സഹോദരിമാർ വർഷങ്ങളായി ഒറ്റമുറി ഷെഡ്ഡിലാണ് താമസം.

കുടുംബത്തിന്റെ ദുരിതം പറളി പഞ്ചായത്തംഗം സി.എസ്. ഗീത ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. തുടർന്ന്, സി.പി.ഐ. അയ്യർമല ബ്രാഞ്ച് കമ്മിറ്റിയും ഇലക്‌ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷനും (എ.ഐ.ടി.യു.സി.) പ്രശ്നത്തിൽ ഇടപെട്ടു. കെ.എസ്.ഇ.ബി. പറളി ഡിവിഷനിലെ സബ് എൻജിനിയർ ശശികുമാർ, സി.പി.ഐ. ബ്രാഞ്ച് സെക്രട്ടറി ദേവദാസ്, സി.പി.ഐ. ലോക്കൽ കമ്മിറ്റി അംഗം ചന്ദ്രശേഖർ, വയർമാൻ കെ.കെ. മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വൈദ്യുതിയെത്തിച്ചത്. പഞ്ചായത്തംഗം സി.എസ്. ഗീത കണക്ഷൻ നൽകുന്നതിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. ഭൂരഹിത ഭവനരഹിത പദ്ധതിയിൽ കുടുംബത്തെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും നടപടികൾ പൂർത്തിയായാലുടൻ വീട് ലഭിക്കുമെന്നും പഞ്ചായത്തംഗം പറഞ്ഞു.