പത്തിരിപ്പാല : മങ്കരയിൽ ഓഫായ ബൈക്ക് സ്റ്റാർട്ടാക്കുന്നതിനിടെ ബൈക്കിന് തീപിടിച്ചു. പത്തിരിപ്പാല സ്വദേശി ഷിബിലിയുടെ ബൈക്കാണ് തീപിടിച്ചതിനെത്തുടർന്ന് കത്തിനശിച്ചത്. സ്റ്റാർട്ടാക്കുന്നതിനിടയിൽ സ്പാർക്ക് വന്നതിനെത്തുടർന്നാണ് അഗ്നിബാധ.

മങ്കര റെയിൽവേ ഗേറ്റിന് സമീപം വെള്ളിയാഴ്ച വൈകീട്ട് 5.50-നാണ് സംഭവം. ഷിബിലി പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. സംഭവം കണ്ട് ഓടിയെത്തിയ പരിസരവാസികളായ ഫാരിഷ്, ഷൈജു, ഉണ്ണിക്കൃഷ്ണൻ എന്നിവരാണ് തീയണച്ചത്.

വിവരമറിഞ്ഞ് പാലക്കാട്ടുനിന്ന് അഗ്നിശമനസേനാവിഭാഗവും മങ്കര പോലീസും സ്ഥലത്തെത്തിയപ്പോഴേയ്ക്കും തീയണച്ചിരുന്നു.