പത്തിരിപ്പാല : ഇന്ധനവിലയിൽ പ്രതിഷേധിച്ച് മണ്ണൂരിലും മങ്കരയിലും സി.പി.എമ്മിന്റെ നേതൃത്വത്തിൽ ധർണ നടന്നു. മണ്ണൂർ തപാലോഫീസിന്‌ മുന്നിൽ നടന്ന പ്രതിഷേധ ധർണ സി.പി.എം. മണ്ണൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.ആർ. ശശി ഉദ്ഘാടനം ചെയ്തു. വി. മോഹനൻ അധ്യക്ഷനായി. മങ്കര വെള്ളറോഡ് തപാലോഫീസിനുമുന്നിൽ നടന്ന ധർണ എം.ടി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ചെന്താമരാക്ഷൻ അധ്യക്ഷനായി.

ചെർപ്പുളശ്ശേരി :പെട്രോളിയം വിലവർധനക്കെതിരേ സി.പി.എം. ചെർപ്പുളശ്ശേരി പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടേറിയറ്റംഗം പി. മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. ചളവറ പോസ്റ്റോഫീസിനുമുന്നിൽ ജില്ലാ കമ്മിറ്റി അംഗം പി.കെ. സുധാകരൻ ഉദ്ഘാടനംചെയ്തു. തൂത തെക്കുംമുറി പോസ്റ്റോഫീസിനുമുന്നിൽ സമരം എൽ.സി. സെക്രട്ടറി പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

അമ്പലപ്പാറ : ഇന്ധനവില വർധനക്കെതിരേ സി.പി.എം. ചുനങ്ങാട് ലോക്കൽ കമ്മിറ്റി പോസ്റ്റോഫീസിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. ഒറ്റപ്പാലം ഏരിയാകമ്മിറ്റി അംഗം യു. രാജഗോപാൽ ഉദ്ഘാടനംചെയ്തു. കെ.കെ. ഗൗരി അധ്യക്ഷയായി.

അമ്പലപ്പാറ : ഇന്ധനവില വർധനക്കെതിരേ സി.പി.എം. അമ്പലപ്പാറ ലോക്കൽ കമ്മിറ്റി പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. ഏരിയാ കമ്മിറ്റിയംഗം ഇ. രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു. കെ. രാധാകൃഷ്ണൻ, കെ.പി. ഹരികൃഷ്ണൻ, സി.സി. രാജൻ, മുഹമ്മദ് കാസിം, സോമസുന്ദരൻ, ടി.പി. ചുക്രൻ എന്നിവർ സംസാരിച്ചു. ഏഴ് കേന്ദ്രങ്ങളിൽ സമരംനടന്നു.

ഒറ്റപ്പാലം : പെട്രോൾ-ഡീസൽ വിലവർധനക്കെതിരേ സി.പി.എം. ഒറ്റപ്പാലം ഏരിയാ കമ്മിറ്റി ഒറ്റപ്പാലം ഹെഡ്‌പോസ്റ്റോഫീസിന്‌ മുന്നിൽ ധർണ നടത്തി. സംസ്ഥാനകമ്മിറ്റി അംഗം എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എസ്. കൃഷ്ണദാസ് അധ്യക്ഷനായി. എൻ.എം. നാരായണൻ നമ്പൂതിരി, സി. ശ്രീകുമാർ, ലോക്കൽ സെക്രട്ടറി എ.പി.എം. റഷീദ്, കെ. രത്‌നമ്മ എന്നിവർ സംസാരിച്ചു.

ഷൊർണൂർ : ഗ്രാമീണ തപാൽജീവനക്കാർ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന് മുന്നിൽ ധർണ നടത്തി. എം.ടി.എസ്. പരീക്ഷ ഉടൻ നടത്തുക, പോസ്റ്റൽ അസിസ്റ്റന്റ് സർപ്ലസ് ലിസ്റ്റ് പ്രസിദ്ധീകരിക്കുക, സീനിയോറിറ്റി പ്രൊമോഷൻ നിയമനം കാലതാമസം കൂടാതെ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഓൾ ഇന്ത്യ ഗ്രാമീൺ ഡാക് സേവക് യൂണിയൻ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ സെക്രട്ടറി വാഴേങ്കട ആനന്ദൻ ഉദ്ഘാടനംചെയ്തു. ഡിവിഷൻ ജോ. സിക്രട്ടറി പി. ഗോപാലൻ അധ്യക്ഷനായി.

ഒറ്റപ്പാലം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗ്രാമീണ തപാൽ ജീവനക്കാർ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന്റെ മുന്നിൽ ധർണ നടത്തി. ഓൾ ഇന്ത്യ ഗ്രാമീൺ ഡാക് സേവക് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ധർണ ഡിവിഷൻ സെക്രട്ടറി വാഴേങ്കട ആനന്ദൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ ജോ. സെക്രട്ടറി പി. ഗോപാലൻ അധ്യക്ഷനായി. ഭാരവാഹികളായ ടി.പി. ബാലസുന്ദരൻ, മുരളി മരുതൂർ, ഗിരീഷ് കുറുവട്ടൂർ, അനൂപ് പട്ടാമ്പി എന്നിവർ നേതൃത്വം നൽകി.