പറളി: ഒമ്പതുദിവസം നാട്ടിൽ കറങ്ങിയ മൂന്ന് കാട്ടാനകളുടെ വഴിയേ ഒരുവർഷം തികയാറാകവേ, വീണ്ടും രണ്ടെണ്ണംകൂടി എത്തി. വെള്ളിയാഴ്ച പകൽ മുഴുവൻ പറളിയെ വിറപ്പിച്ച ക്ഷണിക്കാത്ത ‘അതിഥികളെ’ വൈകീട്ടോടെ കാടുകയറ്റിയതോടെയാണ് പറളിയിലും പരിസരത്തുമുള്ളവർക്ക് ശ്വാസം നേരെ വീണത്. പുതുപ്പരിയാരത്ത് വി.സി. പ്രഭാകരനെ അടിച്ചുകൊന്ന കാട്ടാനയും കൂട്ടാനയുമാണ് വെള്ളിയാഴ്ച പറളിയിലെത്തിയത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് ഒരു കുട്ടിക്കൊമ്പനടക്കം മൂന്ന് കാട്ടാനകൾ മുണ്ടൂർ, പെരിങ്ങോട്ടുകുറിശ്ശി, ലക്കിടി, തിരുവില്വാമല വഴി കറങ്ങി തിരികെ മുണ്ടൂരിലേക്ക് കയറിയത്. ഇതേ വഴിയിലായിരുന്നു വ്യാഴാഴ്ച രണ്ട് കാട്ടാനകളുടെ സഞ്ചാരം.

കമ്പ വള്ളിക്കോട് ഭാഗത്തുനിന്ന്‌ വെള്ളിയാഴ്ച പുലർച്ചയോടെയാണ് ആനകൾ റെയിൽപ്പാളം കടന്ന് പറളിയിലെത്തിയത്. പറളി പുഴയിൽ സംസ്ഥാനപാതയിലെ മേൽപ്പാലത്തിന് സമീപം നിലയുറപ്പിച്ച ആനകൾ വെള്ളിയാഴ്ച പകൽ മുഴുവൻ തീറ്റയും കുളിയുമായി ഭാരതപ്പുഴയിൽ കഴിച്ചുകൂട്ടി.

മങ്കര പോലീസും വനംവകുപ്പും സ്ഥലത്തെത്തി ജനസഞ്ചാരം നിയന്ത്രിച്ചു. പാലക്കാട് ഡി.എഫ്.ഒ. നരേന്ദ്രനാഥ് വേലൂരിയുടെ നേതൃത്വത്തിൽ അമ്പതോളം വനംവകുപ്പുദ്യോഗസ്ഥർ പുഴയുടെ ഇരുകരയിലും പാലത്തിലുമായി നിലയുറപ്പിച്ചു. പത്തുമണിയോടെ ആനകളെ തുരത്താൻ പ്രത്യേകപരിശീലനം നേടിയ ട്രാക്കേഴ്സും ദ്രുതകർമസേനയും വാച്ചർമാരുമെത്തി.

ലോഞ്ചർ ഉപയോഗിച്ച് റോക്കറ്റിനത്തിലുള്ള പടക്കം പൊട്ടിച്ചും സൈറണുകളുപയോഗിച്ച് ശബ്ദമുണ്ടാക്കിയും ആനകളെ തുരത്താൻ തുടങ്ങി. എന്നാൽ വൈകീട്ടോടെയാണ് ആനകളെ പുഴയിൽനിന്ന്‌ കരയ്ക്ക്‌ കയറ്റാനായത്. റെയിൽപ്പാളം കടത്തി വള്ളിക്കോടൻ മലയിലേക്ക്‌ തുരത്തി.

ആനയെ കാണാൻ ആൾക്കൂട്ടം

ആനകളെ കാണാൻ മേൽപ്പാലത്തിലേക്ക് ജനം നിറഞ്ഞൊഴുകി. എട്ടുമണിയായപ്പോഴേക്കും വാഹനങ്ങളാലും ആളുകളാലും പാലവും പരിസരവും നിറഞ്ഞു.

തുമ്പിക്കൈയിൽ വെള്ളം കോരിയൊഴിച്ചും ചെവിയാട്ടിയും നിന്ന ആനകൾ കാണുന്നവർക്കും കൗതുകമായി.

കെ.വി. വിജയദാസ് എം.എൽ.എ, പറളി പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. ഗിരിജ, ഫ്ളയിങ് സ്ക്വാഡ് ഡി.എഫ്.ഒ. ആസിഫ് എന്നിവരും സ്ഥലത്തെത്തി. മങ്കര എസ്.ഐ. എൻ.കെ. പ്രകാശിന്റെ നേതൃത്വത്തിൽ പോലീസ് സുരക്ഷയൊരുക്കി.

സ്കൂളുകൾക്ക് അവധി നൽകി

കാട്ടാനകൾ പറളി പുഴയിൽ നിലയുറപ്പിച്ചതിനാൽ വിളിപ്പാടകലെയുള്ള പറളി ഹയർസെക്കൻഡറി സ്കൂളുൾപ്പെടെ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി നൽകി. ഇതുവഴിയുള്ള ഗതാഗതം പോലീസ് തടഞ്ഞു.

ഒടുവിൽ കാടുകയറി

ഭാരതപ്പുഴയിൽനിന്ന്‌ തുരത്തിയ കാട്ടാനകളെ മുണ്ടൂർ പഞ്ചായത്തിലെ വള്ളിക്കോടൻ മലയിലേക്ക്‌ കയറ്റി. പടക്കം പൊട്ടിക്കാൻ തുടങ്ങിയതോടെ ആനകൾ റെയിൽ മുറിച്ചുകടന്നു. കിണാവല്ലൂർ വില്വംകാട്‌ വഴി യാത്ര തുടങ്ങി. പോകുംവഴി വില്വംകാട് രത്നത്തിന്റെ റബ്ബർത്തൊടിയുടെ മതിലും തകർത്തു. വഴുക്കപ്പാറ ചന്ദ്രശേഖരന്റെ വീട്ടിലേക്കിറങ്ങുമ്പോൾ മതിലോരത്തുള്ള നായക്കൂട്‌ തട്ടിമറിച്ചിട്ടു.