പാലക്കാട്: ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതി പിഴ വിധിച്ചത് അയ്യപ്പന്റെ കോപമാണെന്ന് മന്ത്രി കെ.കെ. ശൈലജ. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോ. (എ.ഡബ്ല്യു.എച്ച്.എ.) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പാലക്കാട്ട് നടന്ന ‘മാറ്റിനിർത്തപ്പെടേണ്ടവരോ സ്ത്രീകൾ’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ശോഭാ സുരേന്ദ്രനും ശശികലയും പറയുന്നത് വിശ്വസിച്ചാൽ ലോകമുണ്ടാകില്ല. മഹിളാ അസോസിയേഷൻ അടക്കമുള്ളവ ശക്തമായി പ്രവർത്തിച്ചിട്ടും സ്ത്രീകളിൽ ശാസ്ത്രബോധം സൃഷ്ടിക്കാൻ കഴിയാത്തത് സങ്കടകരമാണ്. തങ്ങൾ തൊട്ടുകൂടാൻ പാടില്ലാത്തവരാണെന്ന് സ്ത്രീകൾ സ്വയം സമ്മതിക്കുകയാണെന്നും അവർ പറഞ്ഞു.

ആർത്തവം ജൈവപ്രക്രിയയാണ്. ഒരിക്കലും അശുദ്ധമല്ല. സമൂഹത്തെ സംഘപരിവാർ ഇരുട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ സ്ത്രീകൾ കൈകൊട്ടി പാടുകയാണ്. ഈ അവസ്ഥ മാറണം. ദൈവവിശ്വാസം അന്തസ്സുള്ളതാകണം -അവർ പറഞ്ഞു.

സി.പി.എം. ജില്ലാസെക്രട്ടറി സി.കെ. രാജേന്ദ്രൻ അധ്യക്ഷനായി. എ.ഡബ്ല്യു.എച്ച്.എ. അഖിലേന്ത്യ സെക്രട്ടറി എ.ആർ. സിന്ധു, കേന്ദ്രകമ്മിറ്റിയംഗം ഉഷാറാണി, സംസ്ഥാനപ്രസിഡൻറ്്‌ കെ.പി. മേരി, സംസ്ഥാനസെക്രട്ടറി വി.സി. കാർത്ത്യായനി എന്നിവർ പങ്കെടുത്തു. സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2.25 ലക്ഷം രൂപയുടെ ചെക്ക് മന്ത്രിക്ക് കൈമാറി. പ്രളയദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ 65.5 ലക്ഷം രൂപ സംഘടന നൽകിയിരുന്നു.