പാലക്കാട് : ‘‘നല്ല മനസ്സുകളുടെ സഹായംകൊണ്ട് തലചായ്ക്കാൻ ചെറിയ വീടായെങ്കിലും ദുരിതം മാറിയിട്ടില്ല. മഴ പെയ്ത് ഈ ചാൽ നിറഞ്ഞാൽ വെള്ളം വീടുകളിലെത്തും. കഴിഞ്ഞ വർഷങ്ങളിലേതുപോലെ വീണ്ടും ദുരിതാശ്വാസക്യാമ്പിലേക്ക് പോകേണ്ടിവരും. സ്വന്തമായി സ്ഥലവും വീടും തരണമെന്ന് അധികൃതരോട് എപ്പോഴും പറയുന്നുണ്ടെങ്കിലും ആരും തിരിഞ്ഞുനോക്കുന്നില്ല. മാനം കറുത്താൽ ഞങ്ങടെ മനസ്സ് പിടയ്ക്കും’’ -മലവെള്ളം കുത്തിയൊലിച്ചെത്തുന്ന ചാലിലെ മണ്ണും ചെളിയും നീക്കുന്നതിനിടെ മുത്തുവിന്റെ (67) വാക്കുകളിൽ നിറയെ മഴപ്പേടിയായിരുന്നു.

ഒരു പതിറ്റാണ്ടിലധികമായി മലമ്പുഴ മൂപ്പൻചോലയിൽ അണക്കെട്ടിനോട് ചേർന്നുള്ള പുറമ്പോക്കുഭൂമിയിൽ താമസിക്കുന്ന രണ്ട് കുടുംബങ്ങളാണ് ഈ മഴക്കാലത്തും മനസ്സിൽ പേടിയുമായി കഴിയുന്നത്. കഴിഞ്ഞ രണ്ട് പ്രളയകാലത്തും ദുരിതാശ്വാസക്യാമ്പുകളിലേക്ക് പോകേണ്ടിവന്ന മുത്തു, സുജേഷ് എന്നിവരുടെ കുടുംബങ്ങൾക്ക് ഇപ്പോഴും സുരക്ഷയുള്ള ഒരിടം കിട്ടിയിട്ടില്ല.

മലവെള്ളം ഇരച്ചെത്തുന്ന ചാലിനോട് ചേർന്ന് ജലസേചനവകുപ്പിന്റെ ഭൂമിയിൽ തന്നെയാണ് ഇപ്പോഴും ഇവരുടെ താമസം. പ്രളയകാലത്ത് ചാൽ കവിഞ്ഞൊഴുകിയതോടെ രണ്ട് കുടുംബങ്ങളുടെയും ഓലപ്പുരകൾ മുങ്ങിയിരുന്നു. തുടർച്ചയായ രണ്ടാം വർഷവും ദുരിതാശ്വാസക്യാമ്പുകളിലേക്ക് ചേക്കേറേണ്ടിവന്ന രണ്ട് കുടുംബങ്ങൾക്കും സന്നദ്ധസംഘടന ഇടപെട്ടാണ് സ്ഥലത്തുതന്നെ ഷീറ്റ്‌ മേഞ്ഞ ഒറ്റമുറിവീട് വെച്ചുനൽകിയത്. ഇത് ചെറിയ ആശ്വാസമായെങ്കിലും ജീവിക്കാൻ മറ്റേതെങ്കിലും സ്ഥലം തരണമെന്ന ആവശ്യം അധികൃതാരാരും ചെവിക്കൊണ്ടില്ലെന്ന് കുടുംബങ്ങൾ പറയുന്നു. മുത്തുവിന്റെ ഒറ്റമുറിവീട്ടിൽ ഭാര്യ ലക്ഷ്മിയുൾപ്പെടെ എട്ട് അംഗങ്ങളും സുജേഷിന്റെ വീട്ടിൽ ഭാര്യ സിനിയും രണ്ട് ചെറിയ കുട്ടികളും ഉൾപ്പെടെ അഞ്ച് അംഗങ്ങളുമുണ്ട്.

മുത്തുവിന് കുറച്ചുകാലം മുമ്പുവരെ റേഷൻകാർഡ് ഇല്ലാതിരുന്നതിനാൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്താനായിട്ടില്ലെന്നും സുജേഷിന്റെ കുടുംബത്തിന് സ്ഥലം നൽകുന്നതിന് ലൈഫ് പദ്ധതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഒന്നാംവാർഡ് അംഗം എ. തോമസ് പറഞ്ഞു. ഈ സ്ഥലം എന്ന് കൈമാറുമെന്നതിനെപ്പറ്റി പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.