പാലക്കാട് : സ്വാതന്ത്ര്യദിനം ജില്ലയിൽ പൂർണമായും കോവിഡ് മാനദണ്ഡം പാലിച്ച് ആഘോഷിക്കും. രോഗപ്രതിരോധത്തിന് നേതൃത്വം നൽകുന്ന ആരോഗ്യവകുപ്പിലെ ഡോക്ടർമാരടക്കമുള്ള ജീവനക്കാരെയും മറ്റ് ആരോഗ്യ, ശുചീകരണ തൊഴിലാളികളെയും സ്വാതന്ത്ര്യദിനാഘോഷത്തിൽ ആദരിക്കും. ജില്ലയിൽ കോവിഡ് വിമുക്തരായ ഒന്നോരണ്ടോ പേരെ പങ്കെടുപ്പിക്കും. സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി നടപ്പാക്കുന്നതിനായി ചേർന്ന സ്റ്റാൻഡിങ് സെലിബ്രേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ആൾക്കൂട്ടം പൂർണമായും ഒഴിവാക്കും. കുട്ടികളെയും മുതിർന്നവരെയും പങ്കെടുപ്പിക്കില്ല. പരേഡിനുമുമ്പ് കോട്ടമൈതാനത്തുള്ള രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. ഓഗസ്റ്റ് 11, 12, 13 തീയതികളിൽ കോട്ടമൈതാനത്ത് പരേഡ് പരിശീലനം നടക്കുമെന്ന് എ.ഡി.എം. ആർ.പി. സുരേഷ് പറഞ്ഞു.