പാലക്കാട്: സായാഹ്നസവാരിക്കാരുടെയും കുട്ടികളുടെയും പ്രിയ കേന്ദ്രമായിരുന്നു കല്പാത്തിയിലെ ചാത്തപ്പുരം കടവും പാർക്കും. എന്നാൽ പാർക്കിലും പരിസരത്തും ഇന്ന് പന്നിക്കൂട്ടം കളിച്ചുമദിക്കുന്നു. മാലിന്യംനിറഞ്ഞ് ദുർഗന്ധപൂരിതമായ കേന്ദ്രം ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നവർക്ക്, ആരും കാണാതെ ഇരിക്കാനുള്ള കേന്ദ്രമാണ്. ഇപ്പോൾ കാവൽക്കാരുമില്ല.

40 ലക്ഷത്തിന്റെ നവീകരണം

2004ൽ ചാത്തപ്പുരം കടവിൽ നടത്തിയയ 40 ലക്ഷം രൂപയുടെ നവീകരണപ്രവൃത്തികളാണ് ഇന്ന് ഒന്നുമല്ലാതായി കിടക്കുന്നത്. ധനമന്ത്രിയായിരുന്ന കെ. ശങ്കരനാരായണന്റെ നിർദേശമനുസരിച്ചാണ് നടപ്പാതകളും ബാരിക്കേഡും പൂന്തോട്ടവും നിർമിച്ചത്‌. പുഴ ശുചീകരിച്ച് പാർക്കിന്റെയും കടവിന്റെയും മേൽനോട്ടത്തിനായി ഒരു വാച്ച്മാനെയും നിയമിച്ചു. നാലഞ്ചുവർഷം എല്ലാം കൃത്യമായി നടന്നു. ഇപ്പോൾ കർക്കടകവാവിനും രഥോത്സവക്കാലത്തും കുറേ പണം ചെലവഴിച്ച് തത്‌കാലികമായി വൃത്തിയാക്കിയിടുന്നതൊഴിച്ചാൽ ഒന്നും നടന്നില്ല.

പദ്ധതിയും അധ്വാനവും പാഴായി

2003-’ 04 ൽ നെഹ്റു യുവകേന്ദ്രയും മറ്റ്‌ സന്നദ്ധസംഘടനകളും വിദ്യാർഥികളും പോലീസും ചേർന്ന് 517 മനുഷ്യാധ്വാനദിനങ്ങളാണ് കല്പാത്തിപ്പുഴ ശുചീകരണത്തിനായി നീക്കിവെച്ചത്. തുടർന്നാണ് പാർക്ക് നിർമാണം നടന്നത്.

പൊട്ടിവീഴാറായ ഊഞ്ഞാൽ മാത്രം

ചാത്തപുരം കടവിൽ ഒരു പാർക്കുണ്ടായിരുന്നെന്ന് തെളിയിക്കാൻ ഇന്നവിടെയുള്ളത് പൊട്ടിവീഴാറായ ഒരു ഊഞ്ഞാൽ മാത്രമാണ്. കുട്ടികൾക്കായുള്ള കളിയൂഞ്ഞാലും പ്രദേശവാസികൾക്ക് സായാഹ്നം ചെലവഴിക്കാൻ ഇരിപ്പിടങ്ങളുമെല്ലാമുണ്ടായിരുന്ന ചാത്തപ്പുരം കടവിലെ പാർക്ക് ഇപ്പോൾ ഓർമമാത്രമായി. ഉണ്ടായിരുന്ന മറ്റ്‌ ഊഞ്ഞാലുകളും ഇരിപ്പിടങ്ങളുമെല്ലാം പലരും പൊട്ടിച്ചുകളഞ്ഞെന്നും അവ ഇരുമ്പുവിലയ്ക്ക് തൂക്കിവിറ്റെന്നും പ്രദേശവാസികൾ പറയുന്നു.