പാലക്കാട് : 10 ലക്ഷംരൂപ ചെലവിട്ട് ആദിവാസികുടുംബങ്ങൾക്ക് ഭൂമി നൽകിയ പദ്ധതിയെക്കുറിച്ച് വിജിലൻസ്‌ അന്വേഷിക്കണമെന്ന് ആദിവാസി സംരക്ഷണസമിതി. പദ്ധതിയിൽ സാമ്പത്തിക അഴിമതിയുണ്ടെന്ന് ഭാരവാഹികളായ സി. ഹരി, എ. സോമസുന്ദരം, രാജേഷ് എന്നിവർ ആരോപിച്ചു. ഗുണഭോക്താക്കളെ കാണിക്കാതെ വാസയോഗ്യമല്ലാത്ത ഭൂമിയാണ് പലർക്കും നൽകിയിരിക്കുന്നതെന്നും 2020-ൽ ഭൂരഹിതർക്ക് ഭൂമി പതിച്ചുനൽകുമെന്നും പട്ടയം വിതരണം ചെയ്യുമെന്നും പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും മുഴുവനായി നടന്നിട്ടില്ലെന്നും ജില്ലാ ട്രൈബൽ വകുപ്പിൽനിന്ന്‌ കൈമാറിയ പട്ടികയിൽ മലമ്പുഴ, പുതുശ്ശേരി, അകത്തേത്തറ, വടകരപ്പതി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലെ ഭൂരഹിതരുടെ പേരുകൾ ഉൾപ്പെട്ടിട്ടില്ലെന്നും ഭാരവാഹികൾ ആരോപിച്ചു. എന്നാൽ 2018 മാർച്ചോടെ പദ്ധതിയുടെ കാലാവധി പൂർത്തിയായെന്ന് ജില്ലാ പട്ടികവർഗ വിഭാഗം വികസന ഓഫീസർ എം. മല്ലിക പറഞ്ഞു. അക്കാലയളവിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കേ ആരോപണത്തെക്കുറിച്ച് പറയാനാവൂ. എന്നാൽ, ഭൂമി നൽകിയത് സംബന്ധിച്ച് ഇതുവരെ പരാതി വന്നിട്ടില്ലെന്നും അവർ പറഞ്ഞു.