പാലക്കാട്: കോങ്ങാട്ടെ നാരായണൻകുട്ടിനായർ എന്ന ഭൂവുടമയെ നക്സലൈറ്റുകൾ കൊലപ്പെടുത്തിയശേഷം തലയറുത്ത്‌ പടിപ്പുരയിൽവെച്ച കോങ്ങാട് ആക്രമണം... കേരളത്തെ നടുക്കിയ നക്സൽക്കേസിന്റെ അമ്പതാണ്ട് ഓർമിക്കപ്പെടാതെ കടന്നുപോയി.

ആക്രമണത്തിന് നേതൃത്വം നൽകിയ മുണ്ടൂർ രാവുണ്ണിയടക്കമുള്ളവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച കേസ്. വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ ഈ കേസിലുൾപ്പെട്ട ഒമ്പതുപേർ രക്ഷപ്പെട്ടതും ഏറെ ചർച്ചചെയ്യപ്പെട്ടു.

കോങ്ങാട് നാരായണൻകുട്ടിനായരുടെ മകൻ വേണുഗോപാൽ മങ്ങാട്ടിന് ഇന്നും ആ കാളരാത്രി ഓർമയിലുണ്ട്. ‘അന്ന് രാത്രി വീട്ടിൽ അച്ഛന്റെ ജ്യേഷ്ഠന്‍റെ ശ്രാദ്ധത്തിന്റെ ഒരുക്കങ്ങളായിരുന്നു. എല്ലാവരും വീട്ടിലുണ്ട്. രാത്രി അച്ഛൻ കുളിക്കാനായി ഒരുങ്ങുമ്പോഴാണ് നക്സൽസംഘം വീട്ടിലെത്തുന്നത്. ആയുധങ്ങളുമായെത്തിയ മുപ്പതോളം പേരടങ്ങുന്ന സംഘം. 18 പേർ വീട്ടിലും ബാക്കിയുള്ളവർ പടിപ്പുരയിലുമായി നിന്നു’. വേണുഗോപാൽ പറയുന്നു.

അച്ഛന്റെ കഴുത്തിൽ തോക്കുചൂണ്ടി കുടുംബാംഗങ്ങളിൽനിന്ന് ആഭരണങ്ങളും വീട്ടിലുണ്ടായിരുന്ന 2,000 രൂപയും അവർ കവർന്നു. എല്ലാവരിൽനിന്നുമായി 40 പവൻ സ്വർണമാണ് പിടിച്ചുപറിച്ചത്. തുടർന്ന്, അച്ഛനെ പടിപ്പുരയിലേക്ക് കൊണ്ടുപോയി. ഞങ്ങളെയെല്ലാം കെട്ടിയിട്ടു. പടിപ്പുരയിലെ കല്ലിൽവെച്ച് പിറകിൽനിന്ന് വെട്ടുകയായിരുന്നു. പിന്നീട് അക്രമികൾ പാടത്തിലൂടെ ഓടി. മുരളി, ഭാസ്കരൻ, ചാക്കോ, ചന്ദ്രൻ, മുണ്ടൂർ രാവുണ്ണി തുടങ്ങിയവരായിരുന്നു അന്നത്തെ പ്രധാന നേതാക്കൾ.