പാലക്കാട് : മഴ ഇനിയും കനിഞ്ഞില്ലെങ്കിൽ പറമ്പിക്കുളം-ആളിയാർ പദ്ധതിയുടെ കനിവിൽ കൃഷിയിറക്കിയവർ വെട്ടിലാവും. ആളിയാറിൽ സംഭരണശേഷി 3.864 ടി.എം.സി.യാണ്. ഇവിടെ വെള്ളം അടിത്തട്ടിലെത്തി. ഏഴുശതമാനം വെള്ളം മാത്രമേ ശേഷിക്കുന്നുള്ളൂ. ഇവിടെനിന്ന് ഇനി വെള്ളം പുറത്തേക്കെടുക്കാനാവില്ല. പറമ്പിക്കുളത്ത് ആകെ സംഭരണശേഷി 17.82 ടി.എം.സി.യാണ്.

പുതിയ ജലവർഷം തുടങ്ങിയശേഷം പതിവനുസരിച്ച് 130 ദശലക്ഷം ഘനയടിവീതം വെള്ളം ലഭിക്കുന്നുണ്ടെങ്കിലും ഇത് എത്രദിവസത്തേക്ക് ഉണ്ടാകുമെന്ന് ഉറപ്പില്ല. കേരളത്തിലെ മഴക്കുറവ് കണക്കിലെടുത്ത് ഒന്നാംവിളയുടെ ആവശ്യത്തിന് തുറന്നുവിടാൻപോലും വെള്ളം ആളിയാറിലില്ല. പറമ്പിക്കുളം അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ചെറിയതോതിൽ മഴ ലഭിച്ചെങ്കിലും ആളിയാറിന്റെ വൃഷ്ടിപ്രദേശത്ത് ശരാശരിമഴപോലും ഇത്തവണ ലഭിച്ചിട്ടില്ല. പറമ്പിക്കുളം-ആളിയാർ മേഖലയിൽ 45 ശതമാനവും കേരള അതിർത്തിയിലെ മണക്കടവ് വിയറിന്റെ ഭാഗത്ത് 61 ശതമാനവും കുറവ് മഴയാണ് ലഭിച്ചതെന്ന് ജലവിഭവ വകുപ്പിന്റെ കണക്കുകൾ വിശദമാക്കുന്നു. കഴിഞ്ഞ മഴക്കാലത്തും ഇതായിരുന്നു സ്ഥിതിയെങ്കിലും ഓഗസ്റ്റ്‌ മുതൽ കനത്തമഴ ലഭിച്ചിരുന്നു. അതേസമയം, അപ്പർ ഷോളയാറിൽനിന്ന് വൈദ്യുതി ഉത്പാദനശേഷം കേരള ഷോളയാറിലേക്ക് വെള്ളം ഒഴുക്കിത്തുടങ്ങിയിട്ടുണ്ട്.