പാലക്കാട് : 57 ഗ്രാമപ്പഞ്ചായത്തുകളിലെ നിലവിലുള്ള ജലവിതരണപദ്ധതികളിൽ നിന്ന് 61,718 വീടുകളിൽ ആറുമാസത്തിനകം പൈപ്പുകളിൽ കുടിവെള്ളമെത്തും. ഇതിനുള്ള 86 കോടിയുടെ പദ്ധതിക്ക് ബുധനാഴ്ച ചേർന്ന ജില്ലാ ജലശുചിത്വമിഷൻ യോഗം അംഗീകാരം നൽകി. ഇതുകൂടാതെ, രണ്ട് പുതിയ മേജർ കുടിവെള്ളപദ്ധതികളിലായി 18,480 പേർക്ക് കുടിവെള്ളമെത്തിക്കും.

കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളിലെ വിതരണശൃംഖല രൂപപ്പെടുത്താൻ 71.7 കോടിയുടെ പദ്ധതിക്കും അനുമതി നൽകിയിട്ടുണ്ട്. ഈ മൂന്ന് പഞ്ചായത്തുകളുടെയും വിഹിതമായ ഒരുകോടിരൂപവീതം മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ആസ്തിവികസനഫണ്ടിൽനിന്ന്‌ അനുവദിക്കാനും നിർദേശമായിട്ടുണ്ട്.

പട്ടാമ്പി നിയോജകമണ്ഡലത്തിലെ കൊപ്പം, വിളയൂർ പഞ്ചായത്തുകളിലായി 11,000 പേർക്ക് പുതുതായി വീടുകളിൽ കണക്ഷൻ നൽകും. ഇതിന് 36 കോടിയുടെ പദ്ധതിക്ക് അംഗീകാരമായിട്ടുണ്ടെന്ന് സൂപ്രണ്ടിങ്‌ എൻജിനിയർ ആർ. ജയചന്ദ്രൻ പറഞ്ഞു.

ഇവയുൾപ്പെടെ 194 കോടിയുടെ പദ്ധതികൾക്കാണ് അനുമതിയായിട്ടുള്ളത്. പട്ടാമ്പി എം.എൽ.എ. മുഹമ്മദ് മുഹ്‌സിന്റെ ആസ്തിവികസനഫണ്ടിൽനിന്ന് ഒരുകോടിരൂപവീതം രണ്ട് പഞ്ചായത്തുകളിലേക്കും അനുവദിച്ചതായും അധികൃതർ പറഞ്ഞു.