പാലക്കാട് : ജില്ലയിൽ കോവിഡ് രോഗികളെ പരിശോധനാകേന്ദ്രത്തിലെത്തിക്കാൻ 108 ആംബുലൻസുകൾക്ക് പുറമെ 10 കെ.എസ്.ആർ.ടി.സി. ബസ്സുകളും. പാലക്കാട് ഡിപ്പോയിൽനിന്ന് ആറും ചിറ്റൂരിൽ രണ്ടും വടക്കഞ്ചേരി, മണ്ണാർക്കാട് എന്നിവിടങ്ങളിൽനിന്ന് ഒന്നുവീതം ബസ്സുകളും രോഗികളെ ജില്ലയിലെ വിവിധ കോവിഡ് ചികിത്സാകേന്ദ്രങ്ങളിലെത്തിക്കും.

ആന്റിജൻ പരിശോധന നടത്തുന്ന സ്ഥലങ്ങളിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സന്ദർഭങ്ങളിലാണ് കെ.എസ്.ആർ.ടി.സി. ബസ് ഉപയോഗിക്കുക. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയതോടെ രോഗികളെ പെട്ടെന്ന് മാറ്റാൻ ചില സാഹചര്യങ്ങളിൽ 108 ആംബുലൻസുകൾ കൃത്യസമയത്ത് ലഭ്യമാകില്ല. അതിനാലാണ് കെ.എസ്.ആർ.ടി.സി. ഉപയോഗിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പുമായി ചർച്ച നടത്തിയെന്നും ഡി.എം.ഒ.യുടെ നിർദേശപ്രകാരം വരുംദിവസങ്ങളിൽ ബസ്സുകൾ വിട്ടുകൊടുക്കുമെന്നും ട്രാൻസ്പോർട്ട് ഓഫീസർ ടി.എ. ഉബൈദ് അറിയിച്ചു. 20 ഡ്രൈവർമാരെയാണ് നിയോഗിച്ചിട്ടുള്ളത്. അവരുടെ സുരക്ഷ മുൻനിർത്തി ഡ്രൈവർ കാബിൻ അക്രലിക് ഷീറ്റുകൊണ്ട് മറച്ച ബസ്സുകൾ മാത്രമേ ഉപയോഗിക്കൂ.