പാലക്കാട് : കളപ്പെട്ടിയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം കുഴിച്ചുമൂടിയത് അമ്മ മരിച്ചതിനുശേഷമാണെന്ന് മകൻ പറഞ്ഞതായി പോലീസ്. മാനസികമായി വെല്ലുവിളി നേരിടുന്ന മകൻ ബാബു, അമ്മ കമല മരിച്ചതിനുശേഷം ശരീരം രണ്ടുദിവസത്തോളം വീട്ടിൽ സൂക്ഷിക്കുകയും പിന്നീട് മറവുചെയ്തതുമാകാമെന്നാണ് പോലീസ് നിഗമനം.

വീഴ്ചയിൽ കാലിന്‌ പരിക്കുപറ്റിയശേഷം അമ്മയ്ക്ക് വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന്, ഭക്ഷണമൊക്കെ നൽകിയെങ്കിലും കഴിക്കാനായില്ല. ഹോർളിക്സ് നൽകിനോക്കിയെങ്കിലും അമ്മ മരിച്ചുവെന്നാണ് ബാബു പോലീസിനുനൽകിയ മൊഴി.

തുടർന്ന്, തന്റെ കാര്യങ്ങൾ ആരും ശ്രദ്ധിക്കാൻവരാത്തതിനാൽ പുറംലോകത്തെ അറിയിക്കാതെ തനിച്ച് അമ്മയെ കുഴിച്ചിടുകയായിരുന്നുവെന്നും ബാബു പറഞ്ഞുവെന്ന് പോലീസ് അറിയിച്ചു. അമ്മയെ വലിയ ഇഷ്ടമായിരുന്നുവെന്നും മൃതദേഹം മറ്റുജീവികൾ കുഴിയിൽനിന്ന് വലിച്ചിടാതിരിക്കാനാണ് ഓടുപാകി മൂടിയതെന്നും ബാബു മൊഴി നൽകിയെന്ന്‌ പോലീസ് പറഞ്ഞു.

ആശാരിപ്പണിക്ക്‌ മലപ്പുറം ഭാഗങ്ങളിൽ പോകുന്ന ബാബു മാസത്തിലൊരിക്കലാണ് വീട്ടിലെത്തിയിരുന്നത്. ബാബു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ‍മരണം നടന്നത് 21-നാണ്.

എന്നാൽ, ഇത് പൂർണമായും വിശ്വസിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ആലത്തൂർ ഡിവൈ.എസ്.പി. കെ.എം. ദേവസ്യ പറഞ്ഞു.

പുറംലോകത്തെ അറിയിച്ചത് അയൽവാസി

:കമലത്തിനെ കാണാനില്ലെന്ന് ആദ്യം പുറംലോകത്തെ അറിയിച്ചത് അയൽവാസിയും സമീപത്തെ കട നടത്തിപ്പുകാരനുമായ ജാഫർ. കടയിൽ പഴവും മുട്ടയുമൊക്കെ വാങ്ങാൻവരുന്ന കമലത്തെ കുറേദിവസങ്ങൾ കാണാതായപ്പോഴാണ് സംശയമുണ്ടായതെന്ന് അദ്ദേഹം പറയഞ്ഞു. വീടിനടുത്തായതിനാൽ ഇവരുടെ ശബ്ദങ്ങളും ഇടയ്ക്ക്‌ കേൾക്കാറുണ്ട്. കുറേ ദിവസങ്ങളായി ശബ്ദവുമില്ല. അങ്ങനെയാണ് സംശയംതോന്നി പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവരെ അറിയിച്ചത്.

പിന്നീട്‌, ചൊവ്വാഴ്ച ആശാ വർക്കറെത്തി കമലത്തിന്റെ പെൻഷൻ കാര്യത്തിന് സർവേക്ക്‌ വന്നതാണെന്ന് പറഞ്ഞപ്പോൾ മകൻ ബാബു വീട്ടിൽ കയറാൻ അനുവദിച്ചില്ല. തുടർന്ന്, പോലീസ് വീട്ടിലെത്തിയതോടെ ബാബു ഇറങ്ങിപ്പോയി.