പാലക്കാട് : കോവിഡ് പ്രതിരോധത്തിന് ആയുർ‌വേദത്തിന്റെ നല്ല വാർത്ത. ആയുർവേദ പ്രതിരോധമരുന്ന് കഴിച്ച് കോവിഡ് നിരീക്ഷണത്തിൽക്കഴിഞ്ഞവരിൽ ഒരുശതമാനത്തിൽത്താഴെ പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഭാരതീയ ചികിത്സാവകുപ്പ്. സ്റ്റേറ്റ് ആയുർവേദ കോവിഡ് റെസ്പോൺസ് സെല്ലിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലെ കണ്ടെത്തലാണിത്. ജില്ലയിൽ നിരീക്ഷണത്തിൽക്കഴിയുന്ന 21,109 പേർക്ക് അമൃതംപദ്ധതിവഴി മരുന്ന് നൽകിയപ്പോൾ ഇതിൽ ഒരുശതമാനത്തിൽത്താഴെ മാത്രമാണ് കോവിഡ് പോസിറ്റീവായത്.

ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ കൃത്യമായ ഇടവേളകളിൽ ഡോക്ടർമാർ അന്വേഷിച്ച് പരിഹാരമാർഗവും നിർദേശിച്ചതായി ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ഷിബു അറിയിച്ചു.