പാലക്കാട് : ‘ഒന്ന് പുറത്തേക്കിറങ്ങിയാൽ നടുവുളുക്കും. അത്രത്തോളം കുഴികളാണ്. കുഴിയിൽപ്പെട്ട് വാഹനാപകടങ്ങളും ഉണ്ടാവുന്നുണ്ടെങ്കിലും ആരും തിരിഞ്ഞുനോക്കുന്നില്ല. മാസങ്ങളായി വഴിനടക്കാൻപോലും കഴിയാതെ കഷ്ടപ്പെടുകയാണ് ഞങ്ങൾ’. തിരുനെല്ലായി മണലാഞ്ചേരി റോഡിനെക്കുറിച്ച് പറയുമ്പോൾ, പ്രദേശവാസികളുടെ വാക്കുകളിൽ പരിഭവങ്ങളാണ്.

നഗരസഭയുടെ അമൃത്പദ്ധതിയുടെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ചതോടെയാണ് പ്രദേശവാസികളുടെ ദുരിതവും തുടങ്ങിയത്. നിരവധി കുടുംബങ്ങൾ വീടുകളിലെത്താൻ ആശ്രയിക്കുന്ന റോഡാണിത്. ഡോൺബോസ്കോ ഗ്രൗണ്ടിന് എതിർവശത്തുനിന്ന് തുടങ്ങി മണലാഞ്ചേരിവരെ നീളുന്ന ജലവിതരണ പൈപ്പ്‌ലൈൻ ഇടുന്നതിന് വേണ്ടിയാണ്‌ പൊളിച്ചത്.

കുറച്ചുഭാഗത്ത് പൈപ്പിട്ടശേഷം കുഴികൾ മൂടിയെങ്കിലും റോഡ് വീണ്ടും ടാർചെയ്തില്ല. ഇതോടെ, റോഡിൽ മണ്ണും കല്ലും നിറഞ്ഞു. മഴയിൽ മണ്ണുതാഴ്ന്നതോടെ വെട്ടിപ്പൊളിച്ച ഭാഗം വീണ്ടും കുഴിയായി. പനന്തൊടി, പാളയം എന്നിവിടങ്ങളിലും ഇതാണ് സ്ഥിതി. ചെളിവെള്ളം കെട്ടിക്കിടക്കുന്ന റോഡിലൂടെ ഓട്ടോക്കാർപോലും വരാൻ മടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. രാത്രി ഇരുചക്രവാഹനക്കാരടക്കം വീഴുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു.