പാലക്കാട്: സന്ധ്യമയങ്ങുന്ന നേരം നഗരം ഉത്സവവർണങ്ങളിൽ പൂത്തുവിടർന്നു. ആ നിറച്ചാർത്തിന് ചമയങ്ങൾ തീർത്ത് പൂക്കാവടികൾ നിറഞ്ഞാടി. പഞ്ചവാദ്യത്തിന്റെ ലയവും ശിങ്കാരിമേളത്തിന്റെ ലഹരിയും എഴുന്നള്ളത്തുകളുടെ പശ്ചാത്തലവുമൊരുക്കി. ആട്ടത്തപ്പിട്ടകളുടെയും പറവാദ്യത്തിന്റെയും താളവട്ടങ്ങളിൽ നഗരവീധികൾ ആടിത്തിമിർത്തു. കുംഭച്ചൂടിനെ മറികടന്ന ഉത്സവച്ചൂടിൽ മണപ്പുള്ളിക്കാവ് വേല നഗരം ആഘോഷിച്ചു. നഗരംകണ്ട വലിയ ജനക്കൂട്ടങ്ങളിലൊന്നായിരുന്നു വ്യാഴാഴ്ച സന്ധ്യയ്ക്ക് കോട്ടമൈതാനത്തിനുചുറ്റുമായി ഒഴുകിനിറഞ്ഞത്. പുലർച്ചെ ആരംഭിച്ച വേലത്തിരക്ക് രാത്രി വൈകിയും നഗരത്തെ സജീവമാക്കി.

വ്യാഴാഴ്ച രാവിലെ കിഴക്കേയാക്കര മണപ്പുള്ളിക്കാവ്, പടിഞ്ഞാറേയാക്കര വിശ്വേശ്വരക്ഷേത്രം, കൊപ്പം, മണപ്പുള്ളിക്കാവ്, വടക്കന്തറ, മണപ്പുള്ളിക്കാവ് എന്നിവിടങ്ങളിൽ പ്രത്യേക പൂജകളോടെയാണ് ഉത്സവച്ചടങ്ങുകൾ തുടങ്ങിയത്. കിഴക്കേയാക്കരയിൽ പുഷ്പാലങ്കാരപ്രഭയിൽ ഭഗവതിയെ വണങ്ങാൻ ഭക്തരുടെ നീണ്ടനിര റോഡിലേക്ക് നീണ്ടു. രാവിലെ കാഴ്ചശീവേലിക്ക്‌ മേളത്തിന് മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും സംഘവും നേതൃത്വം നൽകി. മറ്റ് മൂന്നിടത്തും പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ കാഴ്ചശീവേലി നടന്നു. മൂലസ്ഥാനത്തുനിന്ന് വാളും ചിലമ്പും എഴുന്നള്ളിച്ചെത്തിയതോടെ കിഴക്കേയാക്കര മണപ്പുള്ളിക്കാവിൽ ചൈതന്യക്കാഴ്ചയായി ഭഗവതിക്ക് സമ്പൂർണ ചാന്താഭിഷേകം നടന്നു. 14 ലിറ്ററോളം ചാന്താടിയശേഷമായിരുന്നു ഉച്ചപൂജ. ക്ഷേത്രത്തിൽ ഉത്സവസദ്യയും നടന്നു.

കനത്ത വെയിലിനെത്തുടർന്ന് പതിവിലും വൈകി വെയിലാറിയശേഷമാണ് വേല എഴുന്നള്ളത്തുകൾ തുടങ്ങിയത്. കിഴക്കേയാക്കര ദേശത്തിന്റെ എഴുന്നള്ളത്തിന് പാമ്പാടി രാജൻ തിടമ്പേന്തി. പതിനഞ്ചാനകൾ അണിനിരന്ന എഴുന്നള്ളത്ത് നടപാണ്ടിയുടെയും നാദസ്വരത്തിന്റെയും അകമ്പടിയിൽ കോട്ടമൈതാനത്തിന് പുറത്തെത്തി കിഴക്ക് അഭിമുഖമായി നിരന്നു. തട്ടിന്മേൽക്കൂത്തും പറവാദ്യവുമെല്ലാം എഴുന്നള്ളത്തിന് പൊലിമയായി.

മണപ്പുള്ളിക്കാവ് വേലയുടെ ഭാഗമായി നടന്ന പടിഞ്ഞാറേ യാക്കര ദേശം എഴുന്നള്ളത്ത്
മണപ്പുള്ളിക്കാവ് വേലയുടെ ഭാഗമായി നടന്ന പടിഞ്ഞാറേ യാക്കര ദേശം എഴുന്നള്ളത്ത്

ഗജരാജന് പ്രണാമം

കഴിഞ്ഞദിവസം ചരിഞ്ഞ ഗജരാജൻ ഗുരുവായൂർ പത്മനാഭന് പാമ്പാടി രാജന്റെ നേതൃത്വത്തിൽ ആനകൾ തുമ്പിയുയർത്തി പ്രണാമമർപ്പിച്ചശേഷമാണ് കോട്ടമൈതാനത്തുനിന്ന് പഞ്ചവാദ്യത്തിന് തുടക്കമായത്. കുനിശ്ശേരി ചന്ദ്രൻ, വൈക്കം ചന്ദ്രൻമാരാർ, മച്ചാട്ട് മണികണ്ഠൻ, പാഞ്ഞാൾ വേലുക്കുട്ടി, തിരുവാലത്തൂർ ശിവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഞ്ചവാദ്യം. ആറേകാലോടെ കുടമാറ്റത്തിന് സമയമായി. കുടമാറ്റം കഴിയുമ്പോഴേക്കും ആകാശം നക്ഷത്രക്കുട നിവർത്തിയിരുന്നു.

കിഴക്കേയാക്കരദേശം തിരിച്ചെഴുന്നള്ളത്ത് തുടങ്ങുന്പോഴേക്കും ആവേശത്തിന്റെ കുത്തൊഴുക്കായി പടിഞ്ഞാറേയാക്കര ദേശം എഴുന്നള്ളത്ത് കോട്ടമൈതാനത്തിനകത്തേക്ക് കയറി.

മൈതാനത്തിനകത്ത് വേലസംഗമം

മംഗലാംകുന്ന്‌ ശരൺ അയ്യപ്പൻ തിടമ്പേന്തി അഞ്ചാനകളും പല്ലാവൂർ സംഘത്തിന്റെ പഞ്ചവാദ്യവുമായിട്ടായിരുന്നു പടിഞ്ഞാറേയാക്കരയുടെ വരവ്. വണ്ടിവേഷങ്ങളും നിശ്ചലദൃശ്യങ്ങളും തട്ടിന്മേൽക്കൂത്തും ബാൻഡ്‌ വാദ്യവുമെല്ലാമായി എഴുന്നള്ളത്ത് കോട്ടമൈതാനത്തെത്തി.

ചെർപ്പുളശ്ശേരി രാജശേഖരൻ തിടമ്പേന്തി. അഞ്ചാനയും പഞ്ചവാദ്യവുമായി നിങ്ങിയ കൊപ്പംദേശം എഴുന്നള്ളത്തിനുമുന്നിൽ കതിർക്കുട പറവാദ്യത്തിന്റെ അകമ്പടിയിൽ എഴുന്നള്ളി. പാമ്പാടി സുന്ദരനായിരുന്നു വടക്കന്തറ-മുട്ടിക്കുളങ്ങര സഹദേശങ്ങളുടെ എഴുന്നള്ളത്തിന് തിടമ്പേന്തിയത്. പടിഞ്ഞാറേയാക്കരയുടെ എഴുന്നള്ളത്തിനൊപ്പം മറ്റുരണ്ട് ദേശങ്ങളുടെ എഴുന്നള്ളത്തുകൂടി അണിനിരന്നതോടെ വേലസംഗമമായി. തുടർന്ന്‌, 125 ലേറെ കലാകാരന്മാർ അണിനിരന്ന പഞ്ചവാദ്യം ആരംഭിച്ചു. തുടർന്ന്‌ വടക്കന്തറദേശം പടിഞ്ഞാറേയാക്കര എഴുന്നള്ളത്തിനൊപ്പം വിശ്വേശ്വരക്ഷേത്രത്തിലെത്തി ഉപചാരംചൊല്ലിപ്പിരിഞ്ഞു. കൊപ്പംദേശം ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളി. അർധരാത്രിക്കുശേഷം രാവേലയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.