പാലക്കാട്: സംസ്ഥാനത്ത് ചിക്കൻപോക്സ് ബാധിതരുടെ എണ്ണം കുറയുന്നില്ല. 2020 ഫെബ്രുവരി 13വരെയുള്ള കണക്കനുസരിച്ച് 4,171 പേരാണ് ചികിത്സതേടിയത്. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ രണ്ടുവർഷമായി എല്ലാ മാസത്തിലും ഏത് കാലാവസ്ഥയിലും ആളുകൾക്ക് ചിക്കൻപോക്സ് ബാധിക്കുന്നുണ്ട്. മുൻകാലങ്ങളിൽനിന്ന്‌ വ്യത്യസ്തമായി ചിക്കൻപോക്സ് ബാധിച്ചുള്ള മരണവും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ജനുവരിയിൽ 2,871 പേർ ചിക്കൻപോക്സിന് ചികിത്സതേടി. ഫെബ്രുവരി മാസത്തിൽ ഇതുവരെ 1,300 പേരാണ് ചികിത്സതേടിയത്. ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ്സിന്റെ ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോജക്ട് (െഎ.ഡി.എസ്.പി.) റിപ്പോർട്ടനുസരിച്ചുള്ള കണക്കാണിത്.

അന്ധവിശ്വാസംമൂലം ചിക്കൻപോക്സിന് കൃത്യമായ ചികിത്സ തേടാത്തതും മരുന്ന് കഴിക്കാത്തതും രോഗവ്യാപനത്തിനുള്ള പ്രധാന കാരണമായി ആരോഗ്യവകുപ്പധികൃതർ ചൂണ്ടിക്കാട്ടുന്നു. ചിക്കൻപോക്സിന് കൃത്യമായ ചികിത്സ തേടുകയും മരുന്നുകഴിക്കയും ചെയ്താൽ രോഗവ്യാപനസാധ്യത കുറയ്ക്കാൻ സാധിക്കുമെങ്കിലും പലപ്പോഴും രോഗബാധിതർ ഇത് ചെയ്യുന്നില്ല. കൃത്യമായ ചികിത്സതേടി മരുന്നുകഴിക്കാതിരിക്കുന്നതും യാതൊരു ചികിത്സയും തേടാതിരിക്കുന്നതും രോഗവ്യാപനസാധ്യത വർധിപ്പിക്കുന്നുണ്ട്. നിലവിൽ ചൂട് കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചിക്കൻപോക്സ് എളുപ്പത്തിൽ പടരും. ഇതിനാൽ മുൻകരുതൽ വേണമെന്നും ആരോഗ്യവകുപ്പധികൃതർ നിർദേശിക്കുന്നുണ്ട്.

രോഗവ്യാപനം തടയാൻ ആന്റിവൈറൽ മരുന്ന്

ചിക്കൻപോക്സിന്‌ നൽകുന്ന അസൈക്ലോവിർ എന്ന ആന്റിവൈറൽ മരുന്ന്‌ കഴിക്കുന്നത് രോഗവ്യാപന സാധ്യത കുറയ്ക്കും. ആന്റിവൈറൽ മരുന്ന് കഴിക്കുമ്പോൾ രോഗിയുടെ ശരീരത്തിലെ വൈറസ് ഇല്ലാതാവുകയും മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിനുള്ള സാധ്യത ഇല്ലാതാവുകയും ചെയ്യും. ആന്റിവൈറൽ മരുന്ന് കഴിക്കാതിരിക്കുന്നവരിൽ വൈറസ് നിലനിൽക്കുകയും മറ്റുള്ളവരിലേക്ക് രോഗം പകർത്തികൊണ്ടിരിക്കയും ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.

-ഡോ. ജയന്തി, പാലക്കാട് ആർ.സി.എച്ച്. ഓഫീസർ.

ചിക്കൻപോക്സ് ലക്ഷണങ്ങൾ

*ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നതിന്‌ മുമ്പുതന്നെ പനി, തലവേദന, തലകറക്കം, വയറുവേദന

*ശരീരത്തിൽ ചുവന്നുതുടുത്ത കുരുക്കൾ പ്രത്യക്ഷപ്പെടുക

*ഒന്നോ രണ്ടോ ദിവസത്തോടെ കുരുക്കൾ വലുതാവുക.