പാലക്കാട്: തള്ളിപ്പറഞ്ഞവർ വീണ്ടും സംഘടനയിലേക്ക് വരാൻ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി. മുൻ ചെയർമാൻ കെ.എം. മാണിക്കൊപ്പം നിന്നിട്ട് അദ്ദേഹത്തെ പല തവണ തള്ളിപ്പറയുകയും അധിക്ഷേപിക്കുകയും ചെയ്തവരാണ്‌ ഇവരെന്നും ജോസ് കെ.മാണി പറഞ്ഞു.

പാലക്കാട്ട് കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏപ്രിൽ 29-ന് കോട്ടയത്ത് സംസ്ഥാനസമ്മേളനം നടത്തും. അത് കേരള കോൺഗ്രസ് (എം) അംഗങ്ങളുടെ കുടുംബസമ്മേളനമായി മാറ്റണം. ആ സമ്മേളനത്തിനുശേഷം സംഘടനയെ തള്ളിപ്പറഞ്ഞവരെ സ്വീകരിക്കണമോയെന്ന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് കെ. കുശലകുമാർ അധ്യക്ഷനായി. തോമസ് ചാഴിക്കാടൻ എം.പി., റോഷി അഗസ്റ്റിൻ എം.എൽ.എ., എൻ. ജയരാജ് എം.എൽ.എ., വി.വി. ജോഷി, മുൻ എം.എൽ.എ. സ്റ്റീഫൻജോർജ്, അഡ്വ. ജോസ് ജോസഫ്, കെ.എം. വർഗീസ്, എം.പി. തമ്പി തുടങ്ങിയവർ സംസാരിച്ചു.